മംഗലംഡാം വികസനം: എംഎൽഎയുടെ ഉറപ്പുകൾ പാഴ്വാക്കായി

11:39 PM Apr 06, 2017 | Deepika.com
നമംഗലംഡാം: മംഗലംഡാമിൽ എംഎൽഎയുടെ ഉറപ്പുകളെല്ലാം പാഴ്വാക്കുകളായെന്ന് പരാതി. ഡാമിന്റെ ടൂറിസം വികസനം, ഡാം റിസർവോയർ സ്രോതസായുള്ള കുടിവെള്ളപദ്ധതി, മുടങ്ങിക്കിടക്കുന്ന മംഗലംഡാം –മുടപ്പല്ലൂർ റോഡിന്റെ റീടാറിംഗ് പണികൾ, കടപ്പാറ മൂർത്തിക്കുന്നിൽ ആദിവാസികൾക്ക് ഭൂമിനല്കുന്നത് സംബന്ധിച്ച നടപടികൾ എന്നിവയെല്ലാം പാഴ്വാക്കാകുന്നെന്നാണ് ആരോപണം.

ഡാമിലെ പുനരുദ്ധാരണത്തിനെന്നു പറഞ്ഞ് ഒരുമാസക്കാലം വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി ഡാം അടച്ചിട്ടെങ്കിലും യാതൊരു പുനരുദ്ധാരണ പ്രവൃത്തികളും ഡാമിൽ നടന്നില്ലെന്നു പറയുന്നു.ഡാം കാണാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് കുടിവെള്ളംപോലും കിട്ടാൻ വഴിയില്ല. ഉണങ്ങിയ പൊന്തക്കാടുകളും വിജനമായ പ്രദേശവുമാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.

ഒരുമാസം സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ കുടിവെള്ളത്തിനുള്ള നടപടികളെങ്കിലും ഒരുക്കാമായിരുന്നില്ലേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

പുനരുദ്ധാരണത്തിന്റെ പേരുപറഞ്ഞ് മംഗലംഡാം അടച്ചിട്ടത് എന്തിനാണെന്നതിന് വ്യക്‌തമായ മറുപടിയില്ല. ടിക്കറ്റ് കൗണ്ടറിലും മറ്റുമായി ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിക്കാനുള്ള തന്ത്രമാണ് ഈ അന്തർനാടകങ്ങൾക്കു പിന്നിലെന്നും പറയുന്നു.

മുടപ്പല്ലൂർ–മംഗലംഡാം റോഡിന്റെ റീടാറിംഗ് പണികൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്നു പറഞ്ഞതും ഉണ്ടായില്ല. കടപ്പാറ മൂർത്തിക്കുന്നിൽ ആദിവാസികൾക്ക് ഭൂമി കൈമാറുന്നതിനായി ഡിഎഫ്ഒ ഓഫീസിലേക്ക് സമരം നയിച്ച എംഎൽഎ പിന്നീട് തങ്ങളെ കൈയൊഴിഞ്ഞെന്നാണ് ആദിവാസി സ്ത്രീകൾ പറയുന്നത്. മൂർത്തിക്കുന്നിലെ ആദിവാസികളുടെ ഭൂസമരം 14 മാസം പിന്നിട്ടിട്ടും ഭൂമി നല്കുന്നതിൽ നടപടിയായില്ല.

മംഗലംഡാം കുടിവെള്ളപദ്ധതിക്കായി ഇടയ്ക്കിടെ തുക വകകൊള്ളിക്കുന്നതല്ലാതെ പദ്ധതിക്കാവശ്യമായ സ്‌ഥലം ഇറിഗേഷൻ വകുപ്പിൽനിന്നും വാട്ടർ അഥോറിറ്റിക്ക്് കൈമാറുന്നതുതന്നെ വലിയ കടമ്പയാണ്. രണ്ടാംവിള നെൽകൃഷിക്കുള്ള വെള്ളംതന്നെ ഇല്ലാതിരിക്കെ കുടിവെള്ളത്തിനുള്ള വെള്ളം കണ്ടെത്തുന്നതും പ്രയാസകരമാകും.

ഷട്ടറുകൾക്ക് താഴെ പുഴയിൽ തടയണകൾ നിർമിച്ച് മഴക്കാലത്ത് പാഴാക്കിക്കളയുന്ന വെള്ളം തടഞ്ഞുനിർത്തി മാത്രമേ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാകുമെന്ന് വിദഗ്ധർ പറയുന്നു. അല്ലാതെയുള്ള പദ്ധതികളൊന്നും ലക്ഷ്യത്തിലെത്തില്ല.