കേബിൾ, പൈപ്പുലൈൻ പ്രവൃത്തിയുടെ മറവിൽപാതകൾ വെട്ടിപ്പൊളിക്കുന്നത് പതിവാകുന്നു

11:39 PM Apr 06, 2017 | Deepika.com
ഒറ്റപ്പാലം: കേബിളുകളുടെയും പൈപ്പുലൈൻ പ്രവൃത്തികളുടെയും പേരിൽ പുതിയ റോഡുകൾ ഉൾപ്പെടെയുളള പ്രധാനപാതകൾ വെട്ടിപ്പൊളിക്കുന്നത് പതിവാകുന്നു. പുതിയ റോഡുകളുടെ നിർമാണവും നവീകരണവും കഴിയാൻ കാത്തിരിക്കുന്നതുപോലെയാണ് വാട്ടർ അഥോറിറ്റി അധികൃതരുടെ പ്രവർത്തനം.

റോഡ് നിർമാണത്തിന്റെ ടാർ ഉണങ്ങുംമുമ്പേ പാത വെട്ടിപ്പൊളിച്ച് രസിക്കുകയാണ് വാട്ടർ അഥോറിറ്റി അധികൃതരെന്ന് വ്യാപക പരാതിയുണ്ട്. വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് അധികൃതരും തമ്മിൽ ഏകോപനമില്ലാത്തതും പ്രശ്നം വഷളാക്കുന്നു. റോഡ് നിർമാണം പൂർത്തിയായാൽ ഗാരണ്ടികാലം കഴിയുന്നതുവരെ പാതകൾ വെട്ടിപ്പൊളിക്കരുതെന്നാണ് ചട്ടം. എന്നാൽ എവിടെയും ഇതു പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർഥ്യം. ഇതിനു കാരണക്കാർ വാട്ടർ അഥോറിറ്റിക്കാരാണ്. പൊതുമരാമത്ത് വകുപ്പിനും ഗ്രാമീണ റോഡുകൾക്കും ഏറ്റവും വലിയ വെല്ലുവിളിയായി വില്ലൻ വേഷമാടുന്നത് വാട്ടർ അഥോറിറ്റിയാണ്.എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ എതിർപ്പിനെ നിസാരമാക്കിയാണ് വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ കുടിവെള്ള കണക്്ഷനുകളുടെ പേരിലും മൊബൈൽ കമ്പനികളുടെ പൈപ്പുകൾ സ്‌ഥാപിക്കുന്നതിനുവേണ്ടിയും പൊളിക്കുന്നതിനെതിരേ ജനങ്ങളിൽനിന്നും ശക്‌തമായ എതിർപ്പുകൾ ഉയരുന്നുണ്ട്.

മേൽപറഞ്ഞവർ വെട്ടിപ്പൊളിക്കുന്ന റോഡുകൾ പൂർവസ്‌ഥിതിയിലാക്കാൻ ആരും മുതിരാറില്ല. ഇതുകൊണ്ടുതന്നെ ഈ റോഡുകൾ പിന്നീട് വർഷങ്ങളോളം തകർന്നുകിടക്കും. കഷ്‌ടപ്പാടും യാതനകളും അനുഭവിക്കേണ്ടത് നാട്ടുകാരും യാത്രക്കാരുമാണ്.ഇതു പരിഹരിക്കാൻ വകുപ്പുകൾ തമ്മിലുള്ള ഏകോപനം അത്യാവശ്യമാണ്. വകുപ്പുകളുടെ ഔദ്യോഗിക അംഗീകാരം ലഭിക്കാൻ കാലതാമസം വരുമെന്നതിനാലാണിത്. പല റോഡുകളും അഞ്ചുമുതൽ പത്തുവർഷംവരെ കാലാവധിയോടെയാണ് നിർമിക്കുന്നത്.

ഇതിനിടെ റോഡ് പൊളിക്കുന്നതിനു അനുമതി നല്കരുതെന്നാണ് പിഡബ്ല്യുഡിയുടെ ആവശ്യം. കുടിവെള്ള വിതരണത്തിനും മറ്റു കാര്യങ്ങൾക്കുമായി റോഡ് പൊളിക്കുന്നപക്ഷം അവ പൂർവസ്‌ഥിതിയിലാക്കാൻ ആവശ്യമായ തുക കെട്ടിവയ്ക്കണമെന്നാണ് പിഡബ്ല്യുഡിയുടെ ആവശ്യം. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ആരും തയാറാകുന്നില്ലെന്നതാണ് പ്രശ്നം.