ബിവറേജസ് ഔട്ട്ലെറ്റ്: അടിയന്തര കമ്മിറ്റി വിളിച്ചുകൂട്ടണമെന്ന്
10:04 PM Apr 06, 2017 | Deepika.com
ചിറക്കടവ്: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് അഞ്ചിലിപ്പയിൽ പുതുതായി ആരംഭിച്ച ബിവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് സ്ഥാപിച്ച സംഭവത്തിൽ കെട്ടിടത്തിന് നന്പർ നൽകിയതിൽ ക്രമക്കേടുണ്ടെന്നുകാണിച്ച് മെംബർമാരുടെ നേതൃത്വത്തിൽ പഞ്ചായത്തിനു കത്തുനൽകി. ഇതുസംബന്ധിച്ച് തദ്ദേശവാസികൾ പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കമ്മിറ്റി ചർച്ച ചെയ്യാതെ വിഷയം മാറ്റിവച്ചിരുന്നു. എന്നാൽ, പഞ്ചായത്തിന്റെ എൻഒസിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും കെട്ടിടത്തിനു നന്പർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും ആക്ഷേപമുണ്ട്. പ്രശ്നം ചർച്ച ചെയ്യുന്നതിന് അടിയന്തര യോഗം കൂടണമെന്ന് വാർഡ് മെംബർമാരായ റോസമ്മ ടീച്ചർ, ഷാജി പാന്പൂരി, ത്രേസ്യാമ്മ പി.ടി., സ്മിത ലാൽ, മോളിക്കുട്ടി തോമസ്, കെ.ജി. കണ്ണൻ, ഉഷ ശ്രീകുമാർ, രാജി വി.ജി., വൈശാഖ് എസ്. നായർ, സോമ അനീഷ്, സുബിത ബിനോയി എന്നിവർ ആവശ്യപ്പെട്ടു.