നീലേശ്വരം രാജാസ് ഹോസ്റ്റൽ അഗ്രശാല പൊളിച്ചുനീക്കി
01:17 AM Apr 06, 2017 | Deepika.com
നീലേശ്വരം: അള്ളട സ്വരൂപം എന്നറിയപ്പെടുന്ന നീലേശ്വരം രാജവംശത്തിനു കീഴിലുള്ള ചരിത്രതിരുശേഷിപ്പ് രാജാസ് ഹോസ്റ്റൽ കെട്ടിടം ഇനി ഓർമമാത്രം. പുതിയ രാജാ ട്രസ്റ്റി ചുമതലയേറ്റതു മുതൽ രാജാസ് ഹോസ്റ്റലും 76 സെന്റ് സ്ഥലവും വില്പന നടത്താനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ലക്ഷ്യം പൂർത്തിയായതോടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഭക്ഷണശാല പൂർണമായും പൊളിച്ചുനീക്കീ. ശേഷിക്കുന്ന ഭാഗം ഉടൻ നീക്കുമെന്നറിയുന്നു. നൂറ്റാണ്ടു പഴക്കമുള്ള നീലേശ്വരം രാജാസ് ഹൈസ്കൂളിൽ ദൂരെ ദിക്കിൽ നിന്നും പഠിക്കാനെത്തുന്നവർക്കു പ്രതിമാസം കേവലം അഞ്ചു രൂപ നിരക്കിൽ താമസവും ഭക്ഷണവും നല്കിയ സ്ഥാപനമാണു നീലേശ്വരം രാജാസ് ഹോസ്റ്റൽ. അന്നു രാജാവായിരുന്ന ഇംഗ്ലീഷ് തന്പുരാൻ എന്ന ചുരുക്കപേരിലറിയപ്പെടുന്ന രാജാവായിരുന്നു ഹോസ്റ്റൽ നിർമിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ ഹോസ്റ്റൽ അനാഥമാവുകയും കെട്ടിടത്തിൽ ചിത്രവിദ്യാലയം, ആർട്ടിസ്റ്റ് തൊഴിൽവിഭാഗം, സംഗീത പഠന ക്ലാസുകൾ, ഹോസ്റ്റൽ വാർഡന്റെ കെട്ടിടത്തിൽ പാൽ സൊസൈറ്റി, ഭക്ഷണ നിർമാണ ശാലയിൽ സ്വകാര്യ വ്യക്തിയുടെ താമസ കേന്ദ്രം എന്നിവയായി. നിലവിൽ ചില സ്വകാര്യവ്യക്തികൾ കൂട്ടമായി ഹോസ്റ്റൽ കെട്ടിടവും സമീപ സ്ഥലവും പൊന്നും വിലയ്ക്കു വാങ്ങി. വൻകിട ബിസിനസ് മാൾ നിർമിക്കാനുള്ള ശ്രമത്തിലാണ്.