തിരുവനന്തപുരം : ടെക്നോപാർക്കിലെ കൂട്ട പിരിച്ചുവിടൽ നിയമവിരുദ്ധവും ഭരണ ഘടനയ്ക്കു നിരക്കാത്തതുമാണെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി.
കഴക്കൂട്ടത്തെ ടെക്നോപാർക്കിന്റെ വികസനത്തിനു മറ്റ് ഒരു സ്ഥാപനത്തിനും കിട്ടാത്ത സംരക്ഷണം നാട്ടുകാരിൽ നിന്നും സർക്കാരിൽ നിന്നും ലഭിക്കുന്നുണ്ട്. ആ പരിഗണന പ്രയോജനപ്പെടുത്തി തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമർത്തുവാനും സകല തൊഴിൽ നിയമങ്ങളെ മറികടന്ന് തൊഴിലാളികളെ പിരിച്ചു വിടാനും ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ടെക്നോപാർക്കിൽ നടക്കുന്ന തൊഴിലാളി പീഡനത്തെയും നിർബന്ധിതവും നിയമവിരുദ്ധവുമായ പിരിച്ചുവിടലിനെയും പറ്റി സംസ്ഥാനത്തിന്റെ തൊഴിൽ വകുപ്പ് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിടപ്പെടുന്നവരുടെയും ടെക്നോപാർക്കിൽ പീഡനങ്ങൾ അനുഭവിക്കുന്നവരെക്കുറിച്ചും വിവരം ശേഖരിക്കുവാൻ സിഐടിയു ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ടെക്നോപാർക്കിൽ നടക്കുന്ന നിർബന്ധിതവും നിയമവിരുദ്ധവും മറ്റ് തൊഴിൽ പീഡനങ്ങൾക്കുമെതിരെ ടെക്നോപാർക്കിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു സമരപരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട് എന്നും വി. ശിവൻകുട്ടി പറഞ്ഞു.
ടെക്നോപാർക്കിലെ കൂട്ട പിരിച്ചുവിടലും നിയമ ലംഘനവും ചെറുക്കും: വി. ശിവൻകുട്ടി
11:53 PM Apr 05, 2017 | Deepika.com