കവുണ്ടംപാളയത്തുനിന്നും മലയാറ്റൂരിലേക്കു പദയാത്ര

11:27 PM Apr 05, 2017 | Deepika.com
കോയമ്പത്തൂർ: ഈസ്റ്ററിനു മുന്നോടിയായി വലിയ നോമ്പാചരണത്തിന്റെ ഭാഗമായി കവുണ്ടംപാളയം സെന്റ് ജോസഫ് ഇടവക വികാരി ഫാ. വർഗീസ് പുത്തനങ്ങാടിയുടെ നേതൃത്വത്തിൽ നാല്പതോളംപേർ മലയാറ്റൂരിലേക്കു പദയാത്ര തുടങ്ങി. രണ്ടാംതീയതി വൈകുന്നേരം നാലിനു കവുണ്ടംപാളയം പള്ളിയിൽനിന്നും തുടങ്ങിയ പദയാത്ര നാലുദിവസത്തിനുശേഷം ഇന്നുവൈകുന്നേരം മലയാറ്റൂരിലെത്തും.

പതിനാലാംതവണയാണ് അച്ചന്റെ നേതൃത്വത്തിൽ മലയാറ്റൂരിലേക്ക് പദയാത്ര നടത്തുന്നത്. 2003–ൽ നെന്മാറ പള്ളിവികാരിയായിരിക്കുമ്പോഴായിരുന്നു തുടക്കം. പിന്നീട് ഉദുമൽപേട്ട് വികാരിയായിരുന്നപ്പോഴും കവുണ്ടംപാളയം വികാരിയായപ്പോഴും തന്റെ നേതൃത്വത്തിൽ പദയാത്ര തുടരുകയാണ്. കൃത്യനിഷ്ഠയോടെ നോമ്പുനോറ്റ അഞ്ചും പത്തുപേരുമായി തുടങ്ങിയ പദയാത്ര സംഘത്തിൽ ഇപ്പോൾ നാല്പതോളം പേരുണ്ട്. കവുണ്ടംപാളയത്തുനിന്ന് പതിനെട്ടുപേരും മറ്റുള്ളവർ ഗാന്ധിപുരം, പൂമാർക്കറ്റ്, പെരിയനായ്ക്കൻപാളയം, കുനിയമുത്തൂർ ഇടവകളിൽനിന്നുള്ളവരുമാണ്. രാത്രിസമയത്ത് നടക്കുകയും പകൽസമയം വിശ്രമവുമാണ്.

ആദ്യദിവസം പാലക്കാട് ചന്ദ്രനഗർ പള്ളിയിലും രണ്ടാംദിനത്തിൽ പന്തലാംപാടം പള്ളിയിലും ബുധനാഴ്ച കൊടകരയിലുമാണ് വിശ്രമം. വിശ്രമിക്കുന്ന ദേവാലയങ്ങളിൽ അച്ചന്റെ കാർമികത്വത്തിൽ ദിവ്യബലിയും കുരിശിന്റെ വഴിയും നടത്തും. മനുഷ്യ സാഹോദര്യത്തിനായി ആയിരം ജപമാലകൾ ചൊല്ലുന്നതിനൊപ്പം ആരോഗ്യ കാര്യങ്ങൾക്കുള്ള മരുന്നും കൈവശമുണ്ട്. രാത്രികാലത്ത് നടക്കുമ്പോൾ തിളങ്ങുന്ന റിഫ്ളക്ടർ വസ്ത്രങ്ങളാണ് ധരിക്കുന്നത്.വലിയനോമ്പിലെ പാപപരിഹാരമായാണ് ഇവർ ഇതിനെ കാണുന്നത്.