വരൾച്ച രൂക്ഷമായതോടെ പുഴകളിൽനിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം ഊറ്റുന്നു

11:27 PM Apr 05, 2017 | Deepika.com
മണ്ണാർക്കാട്: വരൾച്ച രൂക്ഷമായതോടെ പുഴ, തോടുകളിൽനിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം ഊറ്റുന്നതായി പരാതി. കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിലാണ് വെള്ളമൂറ്റൽ വ്യാപകം.വേനൽ കടുത്തതോടെ കുടിവെള്ളത്തിനുള്ള നെട്ടോട്ടം തുടരുകയാണ്. പുഴകളിൽനിന്നും തോടുകളിൽനിന്നും റോഡുപണിക്കെന്ന വ്യാജേനയാണ് ടാങ്കർലോറികളിൽ വെള്ളം കൊണ്ടുപോകുന്നത്. എന്നാൽ സ്വകാര്യവ്യക്‌തികളുടെ ആവശ്യത്തിനാണ് വെള്ളം കൊണ്ടുപോകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പുഴയിലെ വെള്ളത്തിന്റെ അളവുകുറഞ്ഞ് ഒഴുക്കു നിലയ്ക്കുന്നതിനൊപ്പം പുഴയുടെ ഓരങ്ങളിൽ സ്‌ഥിതിചെയ്യുന്ന കൃഷിക്കാരും വലിയ മോട്ടോർ ഉപയോഗിച്ചു വെള്ള ഊറ്റിയെടുക്കുന്നുണ്ട്. പുഴയുടെയും തോടുകളുടെയും താഴെ ഭാഗങ്ങളിൽ താമസിക്കുന്നവരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.ദിനംപ്രതി ആയിരക്കണക്കിനു ലിറ്റർ വെള്ളമാണ് പുഴകളിൽനിന്നും നഷ്‌ടമാകുന്നത്. വേനൽ ഇനിയും കടുത്താൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട സാഹചര്യമുണ്ടാകും.വേനൽക്കാലങ്ങളിൽ പുഴകളിൽനിന്നോ ജലസംഭരണികളിൽനിന്നും വെള്ളം എടുക്കരുതെന്ന നിർദേശത്തോടെയാണ് റവന്യൂവകുപ്പും കെഎസ്ഇബിയും പുഴകളിൽനിന്നും മോട്ടോർ വയ്ക്കുന്നതിനു അനുവാദം നല്കുന്നത്. എന്നാൽ ഈ നിർദേശം കാറ്റിൽ പറത്തിയാണ് സ്വകാര്യവ്യക്‌തികൾ വെള്ളമെടുക്കുന്നത്.