തത്തമംഗലം അങ്ങാടിവേല: തമിഴ് കുടുംബങ്ങൾ ഒരുങ്ങി

11:27 PM Apr 05, 2017 | Deepika.com
ചിറ്റൂർ: രണ്ടുവർഷത്തിലൊരിക്കൽ ഇരുപത്തിനാലുമന തെലുങ്കു സമുദായ കുടുംബങ്ങൾ ആഘോഷിക്കുന്ന തത്തമംഗലം അങ്ങാടിവേലയ്ക്കായി തമിഴ് കുടുംബങ്ങൾ ഒരുങ്ങി, അറുന്നൂറുവർഷങ്ങളായി അങ്ങാടിവേല ആഘോഷിക്കുന്നുണ്ടെന്നു ചരിത്രരേഖകളിൽ പറയുന്നു.

തത്തമംഗലം രായപ്പൻതെരുവിൽ വേട്ടക്കറുപ്പൻ സ്വാമി പ്രതിഷ്ഠയെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ. പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിൽ വികസനം എത്തുന്നതിനുമുമ്പേ തത്തമംഗലത്തുകാർ മധുരയിലെത്തിയാണ് പലചരക്കു സാധനങ്ങൾ വാങ്ങിയിരുന്നത്. ഇതു കൊണ്ടുവരുന്നതിനു പൊതിമാടുകളെയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

കഴുതകൾ ചുമടുകൊണ്ടു പോകുന്നതിനു സമാനമായാണ് പൊതിമാടുകളെ ഇതിനായി ഉപയോഗിച്ചത്. ഇത്തരത്തിൽ മധുരയിൽനിന്നും വരുമ്പോൾ അഞ്ചുകിലോമീറ്റർ പടിഞ്ഞാറുമാറി കച്ചവടക്കാർ എന്നേയും കൂടെ കൊണ്ടുപോകണം എന്നുള്ള അശരീരി കേട്ടു. എന്നാൽ സമീപത്ത് ആരെയും കണ്ടെത്താനുമായില്ല.

എന്നാൽ ശബ്ദംകേട്ട സ്‌ഥലത്ത് ഒരു ഗദ നിലത്തുവച്ച നിലയിൽ കാണപ്പെട്ടു. ഈ ഗദ പൊതിമാടിനുമേൽ വച്ച് തത്തമംഗലത്തേക്കു കൊണ്ടുവന്ന് പ്രശ്നംവച്ചു നോക്കിയതിനുശേഷം രായപ്പൻതെരുവിൽ കാവൽ ദൈവമായി പ്രതിഷ്ഠിച്ച് വർഷംതോറും അങ്ങാടിവേല ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

തെലുങ്കു ചെട്ടിയാർ സമുദായത്തിന്റെ നേതൃത്വത്തിൽ കോനാർ, കുരുക്കൾ, രാജാക്കൾ, പിള്ളൈവാൾ എന്നീ തമിഴ് സമുദായങ്ങളെ ഉൾക്കൊള്ളിച്ചാണ് ഉത്സവം നടത്തുന്നത്.

ഈമാസം 15ന് ക്ഷേത്രത്തിൽ കൊടിയേറുന്നതോടെ ഉത്സവത്തിനു തുടക്കമാകും. ചേമ്പക്കുളം വലിയവീട്ടുകാരിൽനിന്നും കൈനീട്ടം വാങ്ങിയാണ് ആഘോഷങ്ങൾക്കു ആരംഭമാകുക. മൂപ്പൻവീട്ടുകാരായ കാജാമാസ്റ്റർ, സുലൈമാൻ എന്നിവർ സുബയ്യൻ ചെട്ടിയാരുടെ മകൻ രങ്കസ്വാമി ചെട്ടിയാർക്ക് (94) കതിന വയ്ക്കാൻ തിരിനല്കും. ഇതിനുശേഷം ആചാരപ്രകാരം മൂന്നു കതിന പൊട്ടിക്കും.ആദ്യകാലത്ത് ഉത്സവ എഴുന്നള്ളിപ്പിനു മൂന്നുകുതിരകളെയാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നീടിത് യുവതലമുറയുടെ ആവശ്യപ്രകാരം കുതിരയോട്ടമായി മാറുകയായിരുന്നു.

22ന് ഉച്ചയ്ക്ക് നടക്കുന്ന കുതിരയോട്ടത്തിൽ പങ്കെടുക്കാൻ നൂറിലേറെ കുതിരകളെ എത്തിക്കും. 29ന് വൈകുന്നേരം നാലിന് മേട്ടുപ്പാളയത്തുനിന്നും ആരംഭിക്കുന്ന എഴുന്നള്ളിപ്പിൽ എല്ലാവർഷവും 40 മുതൽ അമ്പതുവരെ ആനകളെ അണിനിരത്താറുണ്ട്.ഉത്സവം തുടങ്ങുന്ന 15 മുതൽ 29 വരെ ദിവസവും രാത്രിയിൽ വിവിധ കലാപരിപാടികളുണ്ടാകും. കഴിഞ്ഞ നാല്പതുവർഷങ്ങളായി വിവിധ പരിപാടികളോടെയാണ് ഉത്സവം ആഘോഷിക്കുന്നത്.കുതിരയോട്ടം കാണാനെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കരിവേഷധാരികളായി മലസർ വിഭാഗവും ഉണ്ടാകും.