ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ പുത്തൻപുരയ്ക്കൽ പട്ടികജാതി കോളനിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി അംബേദ്കർ ഗ്രാമവികസന പരിപാടിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി യു. പ്രതിഭാ ഹരി എം.എൽ.എ. അറിയിച്ചു.
റോഡ്, ഫുഡ്പാത്ത്, ആശയവിനിമയ സൗകര്യം, കുടിവെള്ള സൗകര്യങ്ങൾ, വൈദ്യുതീകരണം, വീടുകളിലെ സോളാർ വൈദ്യുതീകരണം, സോളാർ തെരുവു വിളക്ക്, സാനിറ്റേഷൻ, ഭവന പുനരുദ്ധാരണം, മാലിന്യ നിർമാർജ്ജനം, കളിസ്ഥലം, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണഭിത്തി, ഇറിഗേഷൻ, അടുക്കളത്തോട്ടം, മൃഗസംരക്ഷണം, ഹോർട്ടി കൾച്ചറൽ, കരകൗശലം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുക.
പദ്ധതിയെക്കുറിച്ചു ചർച്ചചെയ്യാൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ യോഗം കൂടി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി. വാസുദേവൻ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീന, സി. ദിവാകരൻ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ജ്യോതി കുമാർ, നികേഷ് തന്പി, ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.
പട്ടികജാതി കോളനിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഒരു കോടി രൂപ
10:31 PM Apr 05, 2017 | Deepika.com