സ്പെഷൽ സ്കൂളുകളുടെ ഗ്രാന്റ് വിതരണം സുഗമമാക്കണം: എംഎൽഎ
02:03 AM Apr 05, 2017 | Deepika.com
മൂവാറ്റുപുഴ: സ്പെഷൽ സ്കൂളുകളുടെ സർക്കാർ ഗ്രാന്റ് വിതരണം വേഗത്തിലാക്കാണമെന്ന് എൽദോ ഏബ്രഹാം എംഎൽഎ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ നിർമല സദൻ സ്പെഷൽ സ്കൂൾ വാർഷികവും സ്കൂൾ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം പൊതുസമൂഹത്തിന്റെ ബാധ്യതയാണ്. സർക്കാർ എയ്ഡഡ് മേഖലയിൽ സ്പെഷൽ സ്കൂളുകൾ കുറവാണ്. ഭീമമായ പ്രവർത്തന ചെലവ് ഇത്തരം സ്കൂളുകളുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ അനുവദിക്കാറുള്ള ഗ്രാന്റുകളുടെയും സഹായങ്ങളുടെയും വിതരണം വേഗത്തിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിർമല മാതാ പള്ളി വികാരി ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരിസ്, മാനേജർ സിസ്റ്റർ ലൂസിറ്റ, പ്രധാനാധ്യാപിക സിസ്റ്റർ ജാൻസി ജോർജ്, പിടിഎ പ്രസിഡന്റ് ജോർജ് തെക്കുംപുറം,സിസ്റ്റർ ടാനി, സിസ്റ്റർ ജിംസി എന്നിവർ പ്രസംഗിച്ചു.