കാട്ടാക്കട : പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചായി മൊഴി കിട്ടിയതിനാൽ പോലീസുകാരനെതിരെ കേസെടുത്തതിനെ തുടർന്ന് പ്രതി ഒളിവിൽ പോയി. ശ്രീ പത്മനാഭ ടെന്പിൾ സ്ക്വാഡിൽപ്പെട്ടതും ഇപ്പോൾ മലയിൻകീഴ് പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പോലീസുകാരനാണ് ഒളിവിൽ പോയത്.
തിങ്കളാഴ്ച രാത്രിയാണ് മകളെ പീഡിപ്പിച്ചതായി മലയിൻകീഴ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. ബാത്ത്റൂമിൽ നിന്നും ഇറങ്ങി വരവെ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
പിടിവലിക്കിടെ പെണ്‍കുട്ടിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് ഇയാളുടെ വീട് നിർമാണം നടക്കുകയാണ്. പലപ്പോഴും പോലീസുകാരൻ തന്റെ പിന്നാലെ നടന്ന് ശല്യപ്പെടുത്താറുണ്ടെന്നും പെൺ കുട്ടി മൊഴി നൽകി. പീഡനം നടത്തിയ പോലീസുകാരനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകാത്തതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ മലയിൻകീഴ് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി.
മുൻ ജില്ലാ പഞ്ചായത്തംഗം മലയിൻകീഴ് വേണുഗോപാൽ സമരത്തിന് നേതൃത്വം നൽകി.
പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ ഒളിവിൽ
01:26 AM Apr 05, 2017 | Deepika.com