ന്യൂഡൽഹി: 2030ൽ ഇന്ത്യ ചന്ദ്രനിൽനിന്നു ചാർജ് ചെയ്യുമെന്ന് ഐഎസ്ആർഒ. രാജ്യത്തെ ഉൗർജ പ്രതിസന്ധി പരിഹരിക്കാനുള്ള തയാറെടപ്പിലാണ് ഐഎസ്ആർഒ. 2030ൽ ഇന്ത്യക്കാവശ്യമായ ഉൗർജം ചന്ദ്രനിൽനിന്ന് ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രമുഖ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ ശിവതാണുപിള്ളയാണു വ്യക്തമാക്കിയത്.
ചന്ദ്രനിൽനിന്നു ഖനനം ചെയ്തെടുക്കുന്ന ഹീലിയം മൂന്ന് ഉപയോഗിച്ച് ഉൗർജം ഉത്പാദിപ്പിക്കാനാകും. 2030ഓടെ ഇതിനുള്ള ശ്രമങ്ങൾക്ക് ഫലം കാണും. ചന്ദ്രന്റെ ഉപരിതലത്തിലെ ധൂളി ലോകത്തിന്റെ മുഴുവൻ ഉൗർജാവശ്യങ്ങൾക്ക് ഉതകുമെന്നതിനാൽ മറ്റ് രാജ്യങ്ങളും ഇക്കാര്യത്തിനുവേണ്ടി പ്രയത്നിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി ഒബ്സേവർ റിസേഴ്ച്ച് ഫൗണ്ടേഷൻ എന്ന സംഘടന സംഘടിപ്പിച്ച ബഹിരാകാശ നയങ്ങളെക്കുറിച്ചുള്ള ത്രിദിന സംവാദത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണു പ്രഫ. ശിവതാണുപിള്ള ഇക്കാര്യം വ്യക്തമാക്കിയത്.
ഹീലിയം മൂന്നിനാൽ സന്പുഷ്ടമായ ധൂളി ചന്ദ്രനിൽനിന്നു ശേഖരിക്കുന്ന പദ്ധതി ഐഎസ്ആർഒയുടെ പ്രഥമ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2030ൽ ഇന്ത്യ ചന്ദ്രനിൽനിന്നു ചാർജ് ചെയ്യുമെന്ന് ഐഎസ്ആർഒ
09:56 PM Feb 19, 2017 | Deepika.com