ചങ്ങനാശേരി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷൻ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സഹകരണത്തോടെ ചാസിന്റെ ആഭിമുഖ്യത്തിൽ അരമനപ്പടിയിലുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ വിഷു -ഈസ്റ്റർ ഖാദി മേള ഇന്ന് മുതൽ ആരംഭിക്കും. ഖാദിക്ക് 30 % ഗവ. സ്പെഷൽ റിബേറ്റും മറ്റിനങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ടും ലഭ്യമാണ്. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആശീർവാദകർമം നിർവഹിക്കും. ഖാദി ഭവൻ അങ്കണത്തിൽ വൈകുന്നേരം നാലിന് ചാസ് സെക്രട്ടറി ഫാ. ജോസഫ് കളരിക്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സി.എഫ്. തോമസ് എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. ചാസ് പ്രസിഡന്റ് മോണ്‍. ജോസഫ് മുണ്ടകത്തിൽ ആദ്യവിൽപ്പന നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ, വാർഡ് കൗണ്‍സിലർ സിബി തോമസ് പാറയ്ക്കൽ, ചാസ് ജോയിന്റ് സെക്രട്ടറി ഫാ. ജോർജ് മാന്തുരുത്തിൽ, മുൻ കൗണ്‍സിലർ ജസ്റ്റിൻ ബ്രൂസ്, ചാസ് ഖാദി മാനേജർ ജോണ്‍ സക്കറിയാസ് എന്നിവർ പ്രസംഗിക്കും.
പുതുമയാർന്നതും വ്യത്യസ്തങ്ങളുമായ ഖാദി ഗ്രാമീണ വിഭവങ്ങൾ ഒരു കുടക്കീഴിൽ സജ്ജമാക്കിയിട്ടുള്ളതായി സംഘാടകർ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള ആയിരത്തിലധികം ഖാദി ഗ്രാമവ്യവസായ യൂണിറ്റുകളിൽ നിർമിക്കുന്ന ഗുണമേ·യേറിയ ഉല്പന്നങ്ങൾ സർക്കാർ നിയന്ത്രിത വിലയ്ക്ക് ഇവിടെ ലഭിക്കും.
ഖാദി സിൽക്ക്-കോട്ടൻ സാരികൾ, ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കുർത്തകൾ, ചുരിദാറുകൾ, ചുരിദാർ മെറ്റീരിയലുകൾ, കയറുല്പന്നങ്ങൾ, കാർപറ്റുകൾ, പഞ്ഞിമെത്തകൾ, നാടൻ രീതിയിൽ തയ്യാർ ചെയ്ത ശുദ്ധമായ ഖാദി ഭക്ഷ്യ ഉല്പന്നങ്ങൾ, ആയുർവേദ ഉല്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കോലാപ്പുരി-ലെതർ ചെരിപ്പുകൾ, തേൻ, തേനുല്പന്നങ്ങൾ, തുടങ്ങിയവയ്ക്ക് 5 മുതൽ 30% വരെ ഡിസ്ക്കൗണ്ടിൽ ലഭ്യമാണ്. പതിനായിരത്തിൽപ്പരം ഗ്രാമ വ്യവസായ ഉല്പന്നങ്ങളുടെ പ്രദർശന വിപണന മേളയും ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ-ബാങ്ക് പൊതുമേഖല ജീവനക്കാർക്കും, അധ്യാപക അനധ്യാപക ജീവനക്കാർക്കും തവണവ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. മേള മെയ് 13ന് സമാപിക്കും.
.
വിഷു-ഈസ്റ്റർ ഖാദിമേള ഇന്ന് ആരംഭിക്കും
11:37 PM Apr 04, 2017 | Deepika.com