മലമ്പുഴഡാം സംരക്ഷിത മേഖലയിൽ കന്നുകാലികളെ അഴിച്ചുവിട്ടാൽ നടപടി: കളക്ടർ

11:25 PM Apr 04, 2017 | Deepika.com
പാലക്കാട്: മലമ്പുഴ ഡാമിലും ജലാശയത്തിന് ചുറ്റുമുള്ള സംരക്ഷിത മേഖലയിലും കന്നുകാലികളെ മേയ്ക്കാനായി അഴിച്ച് വിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പി.മേരിക്കുട്ടി അറിയിച്ചു. മലമ്പുഴ ജലസേചന വിഭാഗം നടത്തിയ ഡാമിലെ ജലപരിശോധനയിൽ കോലിഫോം ബാക്ടീരിയയും മനുഷ്യരുടേയും മൃഗങ്ങളുടേയും വിസർജത്തിലുണ്ടാകുന്ന ഇ–കോലി ബാക്റ്റീരിയയും കണ്ടെത്തിയ സാഹചര്യത്തിലാണ് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. ഡാം പരിസരത്ത് മേയുന്ന കന്നുകാലികളുടെ ഉടമസ്‌ഥരായ 73 പേരുടെ മേൽവിലാസം ജലസേചന വകുപ്പ് സമാഹരിച്ചിട്ടുണ്ട്. ഇവർക്ക് നോട്ടീസ് നൽകുകയും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും. പരിസരത്ത് മൈക്ക് അനൗൺസ്മെന്റും അടുത്ത രണ്ട് ദിവസങ്ങളിൽ നടക്കും. തുടർന്നും സംരക്ഷിതമേഖലയിൽ കന്നുകാലികളെ കണ്ടെത്തിയാൽ പിടിച്ചുകെട്ടും. ഉടമസ്‌ഥനിൽ നിന്നും പിഴ ഈടാക്കി വിട്ട് നൽകുകയോ ഫാമുകളിലേയ്ക്ക് കൈമാറുകയോ ചെയ്യാനുള്ള നടപടിക്രമങ്ങൾ യോഗം ചർച്ചചെയ്തു. ഉടമസ്‌ഥരുള്ളതും ഉടമസ്‌ഥരില്ലാതെ അലഞ്ഞ് നടക്കുന്നതുമായ രണ്ടായിരത്തോളം കന്നുകാലികൾ ജലാശയ പ്രദേശത്തുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. ചത്ത കന്നുകാലികളെ മറവ് ചെയ്യുന്നതിനും ജലാശയം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധത്തിന് ഗ്രാമപഞ്ചായത്ത് തലത്തിലും ശക്‌തമായ നടപടികൾ സ്വീകരിക്കും.