ബീവറേജ്സ് ഔട്ട്ലെറ്റിനു മുന്നിൽ വീട്ടമ്മമാരുടെ അനിശ്ചിതകാല സമരം

11:25 PM Apr 04, 2017 | Deepika.com
ആലത്തൂർ: മേലാർകോട് കല്ലങ്കോട് ബിവറേജസ് മദ്യവില്പനശാലയ്ക്ക് മുന്നിൽ പ്രദേശവാസികളായ വീട്ടമ്മമാരുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടങ്ങി.

കഴിഞ്ഞ ബുധനാഴ്ചയാണ് ദേശീയപാത ആലത്തൂരിലെ ബിവറേജസ് മദ്യവില്പനശാല മേലാർകോട് കല്ലങ്കോട്ടേയ്ക്ക് മാറ്റി സ്‌ഥാപിച്ചത്. ജനവാസമേഖലയായ കല്ലങ്കോട്, വലതല, മാങ്ങോട്, എസ്സി കോളനി എന്നിവയുടെ സമീപത്തായിട്ടാണ് മദ്യവില്പനശാല തുടങ്ങിയിരിക്കുന്നത്. ഇതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മദ്യവില്പനശാലയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതേ തുടർന്ന് അന്നു വൈകുന്നേരം തന്നെ പൂട്ടുകയും ചെയ്തു.

പോലീസ് സംരക്ഷണയിൽ രണ്ടു ലോഡ് മദ്യം പിറ്റേന്ന് ഇറക്കിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സമരം ശക്‌തമായതോടെ വില്പനശാല തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. നെന്മാറ–വല്ലങ്ങിവേലയുടെ ഭാഗമായി മദ്യനിരോധനമുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വില്പനശാല തുറന്നിരുന്നില്ല.ഇന്നലെ രാവി ലെ വില്പനനശാല തുറക്കാൻ ജീവനക്കാർ എത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം ശക്‌തമായതോടെ തുറക്കാൻ കഴിയാതെ മടങ്ങിപോകുകയായിരുന്നു. ഈ സമയം മദ്യംവാങ്ങാനായി നൂറോളംപേർ എത്തിയിരുന്നു.