ഭൂമിയ്ക്കു അപേക്ഷിച്ചവർ തദ്ദേശസ്‌ഥാപനവുമായി ബന്ധപ്പെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

11:25 PM Apr 04, 2017 | Deepika.com
പാലക്കാട്: ജില്ലയിൽ ഭൂരഹിതകേരളം പദ്ധതിയിൽ ഭൂമി ലഭിക്കാൻ അപേക്ഷ നല്കി കാത്തിരിക്കുന്നവർ അവരുടെ തദ്ദേശ സ്വയംഭരണ സ്‌ഥാപനവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ.

പാലക്കാട് ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കമ്മീഷൻ അംഗം കെ.മോഹൻകുമാറിന്റെ ഉത്തരവ്. സംസ്‌ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭവനരഹിതർക്കും പാർപ്പിടം നല്കുന്നതിനായി ലൈഫ് മിഷൻ എന്ന പേരിൽ ഒരു പദ്ധതി സർക്കാർ ആരംഭിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ സ്വയം ഭരണസ്‌ഥാപനങ്ങൾ കുടുംബശ്രീ മുഖാന്തിരം സർവേ നടത്തി ഭൂരഹിതരുടെയും ഭവനരഹിതരുടെയും പട്ടിക തയാറാക്കി പ്രസിദ്ധീകരി–ക്കുന്നതാണ്. ലൈഫ് മിഷൻ പദ്ധതിപ്രകാരം തയാറാക്കിയ പട്ടികയിൽ കമ്മീഷനിൽ പരാതി നല്കിയവർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ അവരുടെ തദ്ദേശ സ്വയംഭരണ സ്‌ഥാപനവുമായി ബന്ധപ്പെടണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് സ്വദേശികളായ അബ്ദുൾ ഗഫൂർ ഉൾപ്പെടെ 13 പേർ സമർപ്പിച്ച പരാതിയിലാണ് നടപടി.