ന്യൂഡൽഹി: പൊങ്കൽ ഉത്സവത്തോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള ഓർഡിനൻസിന് അംഗീകാരം നൽകിയതിനു പിന്നാലെ അതിനെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തമിഴ്നാടിന്റെ സംസ്കാരത്തിൽ അഭിമാനിക്കുന്നുവെന്നു പറഞ്ഞ മോദി, തമിഴ് ജനതയുടെ സാംസ്കാരിക ആഘോഷം സഫലമാക്കുന്നതിനുള്ള എല്ലാ നടപടികളും സംജാതമാക്കുമെന്നും ട്വിറ്ററിൽ കുറിച്ചു.
തമിഴ്നാടിന്റെ പുരോഗതിക്കും കുതിപ്പിനും ഉതകുന്ന എല്ലാ സഹായവും പിന്തുണയും നൽകാൻ കേന്ദ്രം തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനം നിലനിൽക്കെ ജെല്ലിക്കെട്ട് നടത്തുന്നതിനു ഓർഡിനൻസ് പുറത്തിറക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിനു കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രി ഒ. പനീർ ശെൽവം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ തമിഴ്നാട് സർക്കാർ തയാറാക്കിയ കരട് ഓർഡിനൻസിനു കേന്ദ്ര വനം, പരിസ്ഥിതി, നിയമ, ആഭ്യന്തര മന്ത്രാലയങ്ങൾ വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് അംഗീകാരം നൽകി രാഷ്ട്ര പതി ഭവനു അയച്ചു കൊടുത്തിരുന്നു.
ജല്ലിക്കെട്ടിനു മോദിയുടെ പിന്തുണ
01:23 AM Jan 22, 2017 | Deepika.com