നാൽക്കാലികൾ നടുറോഡിൽ; വാഹനയാത്ര ദുഷ്കരമായി

10:15 PM Mar 30, 2017 | Deepika.com
ചിറ്റൂർ: വാഹനയാത്രയ്ക്ക് അപകടം ഉണ്ടാവുംവിധം നാൽക്കാലികളെ റോഡിൽ മേയാൻ വിടുന്ന ഉടമകൾക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ.

ചിറ്റൂർ ഹെഡ്പോസ്റ്റോഫീസ് മുതൽ ആശുപത്രി ജംഗ്ഷൻവരെ റോഡിനു വീതി കുറവാണ്. മിക്ക സ്‌ഥലങ്ങളിലും വ്യാപാരസ്‌ഥാപനങ്ങൾ റോഡതിക്രമിച്ചാണ് നിൽക്കുന്നത്. വാഹനങ്ങൾ സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത റോഡിലാണ് നാലും അഞ്ചും നാൽക്കാലികൾ സഞ്ചരിക്കുന്നത്.

ചുവപ്പു നിറത്തിലുള്ള വാഹനങ്ങൾക്കും വസ്ത്രം ധരിച്ചവർക്കെതിരെയും ചില നാൽക്കാലികൾ ആക്രമണത്തിനും തുനിയാറുണ്ട്. സ്കൂൾവിദ്യാർഥികൾക്കും യാത്ര ഭീതിജനകമായിട്ടുണ്ട്. റോഡരിലെ വൈദ്യുത പോസ്റ്റുകളിലും മരങ്ങളിലും നാൽക്കാലികളെ കെട്ടി ഉടമകൾ സ്‌ഥലംവിടാറുണ്ട്. വൈകുന്നേരമാണ് തിരിച്ചുകൊണ്ടുപോവാൻ ഉടമകൾ എത്താറ്. ഇതിനിടെ നാൽക്കാലികൾ റോഡിന്റെ നടുഭാഗത്തേക്കും കയറിനിൽക്കുന്നതിനാൽ ഗതാഗത തടസവും പതിവുകാഴ്ചയാണ്.