ഭരിക്കുന്നത് പിടിച്ചുപറി സർക്കാർ: ഹക്കീം കുന്നിൽ
02:04 AM Mar 30, 2017 | Deepika.com
മഞ്ചേശ്വരം: ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും നേരെ കൊഞ്ഞനം കുത്തി പുതുതായി ഒരാനുകൂല്യവും നൽകാതെ പിടിച്ചുപറി നടത്തുന്ന ഒരു സംഘമായി സംസ്ഥാന സർക്കാർ മാറിയിരിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു മഞ്ചേശ്വരം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടുത്ത വരൾച്ച മൂലം കൃഷി നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ജനങ്ങൾക്ക് കുടിവെള്ളം പോലും ലഭ്യമാക്കാൻ നടപടികളില്ലാതെ മാഫിയകൾക്കും, ക്വട്ടേഷൻ സംഘങ്ങൾക്കും ഒത്താശ ചെയ്യുകയാണു സർക്കാർ. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ഉമ്മർ ബോർക്കള അധ്യക്ഷത വഹിച്ചു. ഹർഷദ് വോർക്കാടി, മമത ദിവാകർ, സത്യൻ ഉപ്പള, സത്യനാരായണ കല്ലൂരായ, മുഹമ്മദ് മജൽ, ഗുരുവപ്പ മഞ്ചേശ്വരം, ഇബ്രാഹിം, ഹമീദ് കോടിയടുക്ക, പ്രസാദ് റൈ, തിമ്മപ്പ ഷെട്ടി, മുഹമ്മദ് ബെഞ്ജ എന്നിവർ പ്രസംഗിച്ചു.