പുൽപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 36-ാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വീട്ടിൽ ശാസ്ത്ര വായനശാല പദ്ധതിയുടെ ഭാഗമായി ശാസ്ത്ര പുസ്തക പ്രദർശനം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമൻ പാറക്കുഴി അധ്യക്ഷത വഹിച്ചു.
പുൽപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോൾ പുസ്തക കുറിയുടെ നറുക്കെടുപ്പ് നടത്തി. ശാസ്ത്ര കൗതുകം, ഗണിത കൗതുകം, ശ്രീനാരായണഗുരു സന്പൂർണ കൃതികൾ, സ്നേഹക്കിനാവ് തുടങ്ങി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും നാഷണൽ ബുക്ക് ട്രസ്റ്റിന്റെയും നിരവധി പുസ്തകങ്ങൾ പ്രദർശനത്തിനുണ്ട്.
ഭക്ഷണമുറിയിൽ ക്രമീകരിക്കാവുന്ന ജൈവവള നിർമാണ യൂണിറ്റിന്റെ പ്രദർശനവും പരിപാടിയോടനുബന്ധിച്ച് നടത്തി. പ്രദർശനം ഇന്ന് വൈകിട്ട് ഏഴിന് സമാപിക്കും. പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ, അജിത്ത്, സത്യാനന്ദൻ, ഇ.എഫ്. ഡൊമിനിക്, പി.സി. മാത്യു, വി.എസ്. ചാക്കോ, ജയപ്രകാശ്, എ.സി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ശാസ്ത്ര പുസ്തക പ്രദർശനം നടത്തി
12:27 AM Mar 30, 2017 | Deepika.com