നെന്മാറ–വല്ലങ്ങി വേല: ആനപന്തലുകൾ ഒരുങ്ങുന്നു

11:20 PM Mar 29, 2017 | Deepika.com
നെന്മറ: ഏപ്രിൽ മൂന്നിന് ആഘോഷിയ്ക്കുന്ന നെന്മാറ–വല്ലങ്ങി വേലയ്ക്ക് ആനപന്തലുകളുടെ പണി പൂർത്തിയാക്കുന്നതിനുവേണ്ടി ഇരുദേശങ്ങളും ഒരുങ്ങുന്നു.

നെന്മാറ ദേശത്തിനുവേണ്ടി നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറായി പോത്തുണ്ടി റോഡിലാണ് ദീപാലങ്കാര വിസ്മയം തീർക്കുന്ന ആനപന്തൽ ഒരുങ്ങുന്നത്. ചെറുതുരുത്തിയിലെ സെയ്തലവിയുടെ നേതൃത്വത്തിലുള്ള ആരാധന പന്തൽ വർക്സാണ്. ആനപന്തലും മുളങ്കുന്നത്തുകാവ് സുരേഷിന്റെ നേതൃത്വത്തിൽ പിഎംഎസ് ലൈറ്റ് ആൻഡ് സൗണ്ട് ദീപാലങ്കാരവും നടത്തുന്നത്. വല്ലങ്ങി ദേശത്തിനുവേണ്ടി ബൈപാസ് റോഡിലാണ് കമനീയമായ ദീപാലങ്കാരത്തോടെയുള്ള ആനപന്തൽ ഒരുങ്ങുന്നത്.

ചെറുതുരുത്തി യൂസഫിന്റെ നേതൃത്വത്തിലുള്ള മയൂര പന്തൽവർക്സാണ് പന്തൽ ഒരുക്കുന്നതെങ്കിലും കോടാലി ബിജുവിന്റെ നേതൃത്വത്തിലുള്ള രാഗം ലൈറ്റ് ആൻഡ് സൗണ്ടാണ് ദീപാലങ്കാരം ഒരുക്കുന്നത്. പതിവിലും മികവായുള്ള ആധുനിക സാങ്കേതിക രീതിയിലുള്ള ആനപന്തലുകളാണ് ഇരുദേശങ്ങളും ഒരുക്കിയിരിക്കുന്നത്.വേലയോടനുബന്ധിച്ചുള്ള ഒന്ന് മുതൽ നാലുവരെ ദിവസങ്ങളിൽ ആനപന്തലിൽ ദീപാലങ്കാരം ഉണ്ടായിരിക്കുമെന്നും അറിയിച്ചു.