അവസാന വിക്കറ്റ് പിണറായി വിജയന്റേത്: വി.കെ. ശ്രീകണ്ഠൻ

11:20 PM Mar 29, 2017 | Deepika.com
പാലക്കാട്: രണ്ട് വിക്കറ്റുകൾ വീണ ഇടതുമുന്നണി സർക്കാരിന്റെ മന്ത്രിസഭയിലെ അവസാന വിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റേതായിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആദ്യം ബന്ധു നിയമനത്തിൽ ആരോപിതനായ ഇ പി ജയരാജന് രാജിവെക്കേണ്ടി വന്നു. പിന്നീട് സ്ത്രീയോട് അശ്ലീലചുവയുള്ള സംഭാഷണം നടത്തിയതിന്റെ പേരിൽ സി കെ ശശീന്ദ്രനും രാജി വെയ്ക്കേണ്ട ഗതികേടുണ്ടായി. സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പു നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ ഇടതുസർക്കാരിന്റെ ദയനീയ മുഖമാണ് ഇപ്പോൾ വെളിച്ചത്തു വരുന്നത്. ഇടതു സർക്കാരിന്റെ ഭരണത്തിന് കീഴിൽ ആർക്കും രക്ഷയില്ലെന്ന സ്‌ഥിതിവിശേഷമാണ്. സർക്കാരിന്റെ പിടിപ്പുകേടിനെതിരെ ഏതറ്റം വരെയും സമരം നടത്താൻ യു ഡി എഫ് സജ്‌ജമാണെന്നും വി കെ ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.വിദ്യഭ്യാസവകുപ്പിനെ നയിക്കാൻ രവീന്ദ്രനാഥ് എന്ന മന്ത്രിയ്ക്ക് കെൽപ്പില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച യു ഡി എഫ് ജില്ലാ ചെയർമാൻ എ രാമസ്വാമി പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ നിലപാടുകൾ വിചിത്രമാണെന്നും ചോദ്യപേപ്പർ പോലും തയ്യാറാക്കാൻ പ്രാപ്തിയില്ലാത്ത മന്ത്രി രാജിവെയ്ക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡി സി സി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാന്റിൽ സമാപിച്ചു. കെ പി സി സി സെക്രട്ടറി സി ചന്ദ്രൻ, യു ഡി എഫ് നേതാക്കളായ എ ഭാസ്കരൻ, നിശ്ചലാനന്ദൻ, എ ഭാസ്കരൻ, എ ബാലൻ, ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.