അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിൽ
10:08 PM Mar 29, 2017 | Deepika.com
തുറവുർ: അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിൽ. ആലപ്പുഴ ജില്ലയിലെ ഒട്ടുമിക്ക അക്ഷയകേന്ദ്രങ്ങളിലും ഓണ്‍ലൈൻ പണമിടപാട് നിലച്ചിരിക്കുകയാണ്. ഓണ്‍ലൈനായി പണമടച്ച് എടുക്കേണ്ട പല സർട്ടിഫിക്കറ്റുകളും ഇതുമൂലം ലഭിക്കാത്ത അവസ്ഥയാണ്. 31നകം പണം അടച്ച് ലൈസൻസ് പുതുക്കേണ്ട സ്ഥാപനങ്ങൾ പണമടച്ചു പുതുക്കാൻ സാധിക്കാത്തതു മൂലം പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് ഫുഡ് സേഫ്റ്റി ലൈസൻസ് പുതുക്കി ലഭിക്കാത്തതു മൂലം പല സ്ഥാപനങ്ങളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്. പണം അടച്ചിട്ടും ഇതിനാവശ്യമായ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാത്തതാണ് ഇതുസംബന്ധിച്ച പ്രവർത്തനം നിലയ്ക്കാൻ കാരണമെന്നു അക്ഷയ കേന്ദ്ര നടത്തിപ്പുകാർ പറയുന്നു. സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത് അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനം സുഗമമാക്കുവാനുള്ള നടപടി ബന്ധപ്പെട്ട ഏജൻസി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.