നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുടെ മോഡല്‍ ബ്ലോക്ക്
09:54 PM Mar 29, 2017 | Deepika.com
നെടുങ്കണ്ടം: സുസ്ഥിര വികസനം മുന്നില്‍ കണ്ട് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കിയ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനെ ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുടെ മോഡല്‍ ബ്ലോക്കായി തെരഞ്ഞെടുത്തു. കേരളത്തില്‍ 27 ബ്ലോക്കുകളെയാണ് ഇത്തരത്തില്‍ മോഡല്‍ ബ്ലോക്കുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ മികവും വൈവിധ്യവും പരിഗണിച്ചാണ് ഈ അഗീകാരം ലഭിച്ചത്. ഏറ്റെടുത്ത 22 ഇനങ്ങളും വിജയകരമായി നെടുങ്കണ്ടം ബ്ലോക്ക് പൂര്‍ത്തിയാക്കിയിരുന്നു. ഫാം പോണ്ടുകള്‍, 400 മഴവെള്ള സംഭരണികള്‍, ഗ്രാമീണ മേഖലയില്‍ 500 റോഡുകളുടെ കോണ്‍ക്രീറ്റിംഗ് എന്നിവയും രാമക്കല്‍മേട്ടില്‍ ആറു കിലോമീറ്റര്‍ റോഡ് നിര്‍മാണവും ശ്രദ്ധേയമായ പദ്ധതികള്‍ ആയിരുന്നു. ജലദൗര്‍ലഭ്യത്തിന് പരിഹാരമായി കുളം, ചെക്ക് ഡാം, മഴക്കുഴി, പടുതാക്കുളം, മഴവെള്ള സംഭരണി എന്നിവ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളും മത്സരബുദ്ധിയോടെ പദ്ധതികള്‍ ഏറ്റെടുക്കുകയും വിജയപ്രദമാക്കുകയുമായിരുന്നു. രാജകുമാരി, സേനാപതി, കരുണാപുരം പഞ്ചായത്തുകള്‍ ഫാം പോണ്ട് നിര്‍മാണത്തിലൂടെ സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദരിദ്ര കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിന് കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, പന്നിക്കൂട് എന്നിവയുടെ നിര്‍മാണവും തൊഴിലുറപ്പ് പദ്ധതിവഴി പൂര്‍ത്തിയാക്കി. സമ്പൂര്‍ണ കിണര്‍ റീച്ചാര്‍ജിംഗ് പദ്ധതി കരുണാപുരം പഞ്ചായത്തില്‍ നടപ്പാക്കിവരുന്നു. ഫോക്കല്‍ ഏരിയാ വര്‍ക്കുകളായ ആംഗന്‍വാടി നിര്‍മാണം, വ്യക്തിഗത കക്കൂസ് നിര്‍മാണം തുടങ്ങിയ മേഖലകളിലും തൊഴിലുറപ്പ് പദ്ധതിയുടെ സേവനം ലഭ്യമാണ്. 40 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം ചെലവഴിച്ചതിലൂടെ 10 ലക്ഷം തൊഴില്‍ദിനങ്ങളാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് നല്‍കിയത്. ഈ വര്‍ഷം 100 കോടി രൂപയുടെ പദ്ധതികള്‍ തൊഴിലുറപ്പ് വഴി നടപ്പാക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. രാജകുമാരി, രാജാക്കാട്, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, സേനാപതി എന്നീ പഞ്ചായത്തുകളില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. റോഡ് വൃത്തിയാക്കലും ഓട തെളിക്കലും കാടുവെട്ടും മാത്രമായിരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ സംരംഭങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സ്ഥിര ആസ്ഥികള്‍ സൃഷ്ടിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ശ്രദ്ധിച്ചുവരുന്നത്.