ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ 14.95 കോടി രൂപ വരവും 14.89 രൂപ ചെലവും 5,18,583 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ലിസി തോമസ് അവതരിപ്പിച്ചു.
ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി കിണർ റീചാർജിംഗ്, കിണർ, കുളം എന്നിവയുടെ നിർമാണം, ജലസ്രോതസുകളുടെ സംരക്ഷണം, മഴവെള്ളക്കൊയ്ത്ത് എന്നിവയ്ക്ക് ഏഴു കോടി രൂപ വകയിരുത്തി. നവകേരളമിഷന്റെ ഭാഗമായുള്ള ഹരിതകേരളം പദ്ധതിയിൽപ്പെടുത്തി ധാന്യവിളകൾ, കിഴങ്ങുവർഗങ്ങൾ, ജൈവ പച്ചക്കറികൃഷി എന്നിവ പ്രോത്സാഹിപ്പിക്കും. ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിലെയും പാൽ ഉത്പാദനം വർധിപ്പിക്കുന്നതിന് ക്ഷീരകർഷകർക്ക് പാലിന് ഇൻസെന്റീവും കന്നുകാലികളുടെ ഇൻഷ്വറൻസിനുമായി പത്തു ലക്ഷം രൂപ വകയിരുത്തി.
ആർദ്രം പദ്ധതിയുടെ ഭാഗമായി ഇടമറുക് സിഎച്ച്സിയുടെ അടിസ്ഥാന സൗകര്യ വിസനത്തിനും ഡയാലിസിസ്, മാരക രോഗികൾ എന്നിവർക്കു സൗജന്യ മരുന്നും ആശുപത്രി ഉപകരണങ്ങൾക്കു വേണ്ടി പത്തു ലക്ഷം രൂപ വകയിരുത്തി. വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി 21 ലക്ഷം രൂപയും വനിതാക്ഷേമ പ്രവർത്തനങ്ങൾക്കു 42 ലക്ഷം രൂപയും പട്ടികജാതി ക്ഷേമത്തിന് 31 ലക്ഷം രൂപയും പട്ടികവർഗ ക്ഷേമത്തിന് 81 ലക്ഷം രൂപയും ദരിദ്രജനവിഭാഗങ്ങളുടെ വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് 62 ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി പശ്ചാത്തല മേഖലയിൽ 1.85 കോടി രൂപ ചെലവഴിക്കും.
പ്രസിഡന്റ് ആർ. പ്രേംജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. നാരായണൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.വി. സാമുവൽ, സജീവൻ ഗോപാലൻ, സൗമ്യ ബിജു, അംഗങ്ങളായ മോഹനൻനായർ, തോമസ് വടകര, ബിനോയി ജോസഫ്, ആനിയമ്മ സണ്ണി, റോഷ്നി ടോമി, രോഹിണിഭായി ഉണ്ണിക്കൃഷ്ണൻ, മറിയാമ്മ ഫെർണാണ്ടസ്, സിന്ധു ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. ജയിംസ്, ഇന്ദിര രാധാകൃഷ്ണൻ, രമേഷ് വെട്ടിമറ്റം, മിനി സാവിയോ, ഷൈനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ 14.95 കോടിയുടെ ബജറ്റ്
09:42 PM Mar 29, 2017 | Deepika.com