കളമശേരി: മെയിൽ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാർ കൈയേറ്റം ചെയ്തെന്നാരോപിച്ച് ജീവനക്കാർ ഇന്നലെ രാവിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിൽ പ്രതിഷേധയോഗം നടത്തി. തിങ്കളാഴ്ച രാത്രി 11ന് എഫ് വാർഡിലെ രോഗിയോടൊപ്പം നിൽക്കുകയായിരുന്നവർ മെയിൽ നഴ്സിനെ കൈയേറ്റം ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ദിവസം ജെറിൻ മൈക്കിൾ എന്ന യുവാവ് ചികിത്സ കിട്ടാതെ മരണമടഞ്ഞ വാർഡാണ് എഫ് വാർഡ്.
മിന്നൽ സമരം നടത്താനാണ് ആദ്യം ജീവനക്കാർ തീരുമാനിച്ചതെങ്കിലും ജനരോഷം ഭയന്ന് പ്രതിഷേധ സമരമായി മാറ്റുകയായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ സൂപ്രണ്ട്, ആർഎംഒ എന്നിവരുടെ ഏകോപനമില്ലായ്മ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും മെഡിക്കൽ കോളജിലെ അസ്വഭാവിക മരണങ്ങൾക്കുവരെ കാരണമാകുന്നത് ഈ ഏകോപനമില്ലായ്മയാണെന്നും ജീവനക്കാരുടെ സംഘടനകൾ അഭിപ്രായപ്പെട്ടു. സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വരുന്നതായും ജീവനക്കാർ പറഞ്ഞു.
സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യവും സുരക്ഷിതത്വവും വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
കളമശേരി മെഡിക്കൽ കോളജിൽ ജീവനക്കാരുടെ പ്രതിഷേധയോഗം
01:25 AM Mar 29, 2017 | Deepika.com