കെ.വി. തോമസിനെതിരേ ബിജെപി

12:58 AM Jan 12, 2017 | Deepika.com
ന്യൂഡല്‍ഹി: നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വേണമെങ്കില്‍ വിളിച്ചു വരുത്താമെന്ന പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി തോമസിന്റെ പരാമര്‍ശത്തിനെതിരേ പിഎസി അംഗം കൂടിയായ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനു പരാതി നല്‍കി.

പിഎസി ചെയര്‍മാന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് ബിജെപി അംഗത്തിന്റെ ആവശ്യം. പിഎസി ചെയര്‍മാന്‍ കെ.വി തോമസിന്റ പരാമര്‍ശം ഏകപക്ഷീയമാണ്. ഇത് ധാര്‍മിക വിരുദ്ധവും തെറ്റും പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കു വിരുദ്ധവുമാണ്. ഈ വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയില്ല.

പിഎസി ചെയര്‍മാന് എങ്ങനെയാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ കഴിയുകയെന്നു മനസിലാക്കാന്‍ കഴിയുന്നില്ലെന്നും നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

നോട്ട് വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും വിശദീകരണം തേടാമെന്നാണ് പിഎസി ചെയര്‍മാന്‍ പറഞ്ഞത്.

എന്നാല്‍, പിഎസി അംഗങ്ങളെല്ലാം ഏകകണ്ഠമായി തീരുമാനിച്ചാല്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ വിളിച്ചു വരുത്താന്‍ കഴിയുമെന്നാണ് ഒരു ചോദ്യത്തിനു മറുപടിയായി കെ.വി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

നോട്ടു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിഎസി വിളിച്ചു വരുത്തുമോയെന്ന ചോദ്യത്തിന് സമിതിക്ക് ആരില്‍ നിന്നു വേണമെങ്കിലും വിശദീകരണം തേടാനുള്ള അധികാരമുണെ്ടന്നാണ് കെ.വി തോമസ് വ്യക്തമാക്കിയത്.