നിയന്ത്രണംവിട്ട കാർ കടകൾ തകർത്തു
11:21 PM Mar 28, 2017 | Deepika.com
എടത്വ: നിയന്ത്രണംവിട്ട കാർ മൂന്നുകടകൾ ഇടിച്ചു തകർത്തു. കഴിഞ്ഞദിവസം രാത്രിയിൽ എടത്വ ജംഗ്ഷനിലായിരുന്നു അപകടം. തിരുവല്ല ഭാഗത്തു നിന്നുവന്ന കാർ നിയന്ത്രണം വിട്ട് വഴിയോരത്തെ കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാത്യൂസ് സ്റ്റുഡിയോ, കൈലാത്ത് ഗ്രേസ് മൊബൈൽസ്, ആലപ്പാട്ട് ലേഡീസ് സ്റ്റോർ എന്നീ കടകൾക്കാണ് നാശനഷ്ടമുണ്ടായത്. അപകടത്തിൽ സ്റ്റുഡിയോ പൂർണമായും തകർന്നു. നിയന്ത്രണം തെറ്റിയ കാർ കടകളുടെ ഷട്ടറുകളിൽ ഇടിച്ച് തകർത്ത് സ്റ്റുഡിയോക്കുള്ളിലേക്ക് കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗവും പൂർണമായും തകർന്ന നിലയിലാണ്. അന്പലപ്പുഴ സ്വദേശി ബിജു ഓടിച്ചിരുന്ന ഇൻഡിഗോ കാറാണ് അപകടത്തിൽപെട്ടത്.