ബിസ്മില്ലാ ഖാന്റെ ഷെഹ്നായികൾ മോഷ്‌ടിച്ചതു കൊച്ചുമകൻ

12:47 AM Jan 11, 2017 | Deepika.com
വാരാണസി: വിഖ്യാത സംഗീതജ്‌ഞൻ ഉസ്താദ് ബിസ്മില്ലാ ഖാന്റെ നാലു ഷെഹ്നായികൾ മോഷ്ടിച്ച കേസിൽ കൊച്ചുമകനടക്കം മൂന്നു പേർ അറസ്റ്റിലായി.

ബിസ്മില്ലാ ഖാന്റെ മകൻ കാസിം ഹുസൈന്റെ വീട്ടിൽനിന്നു ഡിസംബർ നാലിനായിരുന്നു മൂന്നു വെള്ളി ഷെഹ്നായികളും തടിയും വെള്ളിയും ചേർന്ന മറ്റൊരു ഷെഹ്നായിയും മോഷണം പോയത്. ബിസ്മില്ലാ ഖാന്റെ കൊച്ചുമകൻ നസാരേ ഹുസൈൻ, വാരാണസിയിലെ ജ്വല്ലറി ഉടമ ശങ്കർ സേത്ത്, മകൻ സുജിത് സേത്ത് എന്നിവരെയാണു യുപി സ്പെഷൽ ടാസ്ക് അറസ്റ്റ് ചെയ്തത്. മൂന്നു വെള്ളി ഷെഹ്നായികൾ ഉരുക്കിയ നിലയിലാണു കണ്ടെത്തിയത്. ഒരു കിലോ ഉരുക്കിയ വെള്ളിയും തടിയും വെള്ളിയും ചേർന്ന ഷെഹ്നായിയും പോലീസ് പിടിച്ചെടുത്തു. വെറും 17,000 രൂപയ്ക്കാണു ഷെഹ്നായികൾ വിറ്റത്.

മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, മുൻ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് എന്നിവർ സമ്മാനിച്ച ഷെഹ്നായികളാണു കൊച്ചുമകൻ വിറ്റുതുലച്ചത്.