കാഷ്മീരിൽ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു

01:24 AM Jan 10, 2017 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ അഖ്നൂരിൽ ജിആർഇഎഫ് ക്യാമ്പിനു നേർക്കു തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പ്രദേശവാസികളായ മൂന്നു തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരു തൊഴിലാളിക്കു പരിക്കേറ്റു. നിയന്ത്രണരേഖയിലെ ബാതൽ ഗ്രാമത്തിലുള്ള ജനറൽ എൻജിനിയറിംഗ് റിസർവ് ഫോഴ്സ് (ഗ്രെഫ്) ക്യാമ്പ് ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് തീവ്രവാദികൾ ആക്രമിച്ചത്. ആക്രമണത്തിനു തൊട്ടുപിന്നാലെ സൈന്യവും പോലീസും പ്രദേശം വളഞ്ഞശേഷം തീവ്രവാദികൾക്കായി തെരച്ചിൽ നടത്തി. മൂന്നു തൊഴിലാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു പ്രതിരോധ വകുപ്പ് പിആർഒ മനീഷ് മേത്ത അറിയിച്ചു. പ്രദേശത്തെ മറ്റു തൊഴിലാളികളെ സൈനികരും പോലീസും ചേർന്നു രക്ഷപ്പെടുത്തി.

രാജ്യത്തിന്റെ അതിർത്തി പ്രദേശത്തുള്ള റോഡുകളുടെ നിർമാണത്തിനും പരിപാലനത്തിനുമായുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) കീഴിലുള്ള സ്‌ഥാപനമാണു ജിആർഇഎഫ്. ആക്രമണത്തെത്തുടർന്ന് ജമ്മു ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അഖ്നൂർ മേഖലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഇന്നലെ അടച്ചിട്ടു. പാക്കിസ്‌ഥാനിൽനിന്നെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.