പെട്രോൾ പമ്പുകളിൽ കാർഡുകൾക്കു സർവീസ് ചാർജ് ഈടാക്കില്ല

01:24 AM Jan 10, 2017 | Deepika.com
ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ സർവീസ് ചാർജ് ഈടാക്കില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കാർഡ് ഉപയോഗിക്കുന്നതിൽ ജനുവരി 13നു ശേഷവും ഒരു ട്രാൻസാക്ഷൻ ചാർജും ഈടാക്കില്ല. 13നു ശേഷം എല്ലാ ബാങ്കുകളുടെയും കാർഡുകൾ പെട്രോൾ പമ്പുകളിൽ ഉപയോഗിക്കാമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു.

13 മുതൽ ഡെബിറ്റ്–ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധന വിതരണം നടത്തുന്നതു വിലക്കാൻ പെട്രോൾ പമ്പുടമകൾ തീരുമാനിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഇത്. എന്നാൽ, ബാങ്കുകൾ ഇന്ധന വിതരണക്കാരിൽനിന്ന് ഈടാക്കാൻ തീരുമാനിച്ച മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) എണ്ണക്കമ്പനികൾ വഹിക്കുന്ന ക്രമീകരണത്തിനാണു സാധ്യത. പമ്പുടമകളിൽനിന്ന് സർവീസ് ചാർജ് ഇനത്തിൽ ഒന്നും ഈടാക്കില്ലെന്നു ഞായറാഴ്ച തന്നെ ഉറപ്പ് നൽകിയതാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ഇടപാടുകൾക്ക് എംഡിആർ ഇനത്തിൽ ഒരു ശതമാനം വരെ സർവീസ് ചാർജ് ഈടാക്കാൻ ചില ബാങ്കുകൾ സർക്കുലർ ഇറക്കിയിരുന്നു.