സിബിഎസ്ഇ 10, 12 പരീക്ഷകൾ മാർച്ച് ഒമ്പതു മുതൽ

01:24 AM Jan 10, 2017 | Deepika.com
ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാർച്ച് ഒമ്പതിന് ആരംഭിക്കും. അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷമാണ് പരീക്ഷകൾ തുടങ്ങുന്നത്. നേരത്തേ നിശ്ചയിച്ചിരുന്നതിലും ഒരാഴ്ച വൈകിയാണ് പരീക്ഷകൾ തുടങ്ങുന്നത്. പത്താം ക്ലാസ് പരീക്ഷ ഏപ്രിൽ പത്തിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 29നും അവസാനിക്കും.

എങ്കിലും പരീക്ഷാഫലം വൈകില്ലെന്നു സിബിഎസ്ഇ ചെയർമാൻ ആർ.കെ ചതുർവേദി പറഞ്ഞു. വിദ്യാർഥികൾക്കു തയാറെടുക്കാൻ ആവശ്യത്തിനു സമയം ലഭിക്കുമെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ പറഞ്ഞു. പരീക്ഷകൾക്കിടെ ആവശ്യത്തിന് ഇടവേളകൾ ഉണ്ടാകാൻ ശ്രദ്ധിക്കും.

ജോയിന്റ് എൻട്രൻസ് പരീക്ഷയ്ക്കും (ജെഇഇ) നാഷണൽ എലിജിബിലിറ്റി എൻട്രൻസ് പരീക്ഷ (നീറ്റ്)യ്ക്കും തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകൾ നേരിടില്ല.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇത്തവണ 16,67,573 വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 10,98,420 വിദ്യാർഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.