നോട്ട് നിരോധനം: പിഎസിക്കു മോദിയെയും വിളിച്ചു വരുത്താം

01:24 AM Jan 10, 2017 | Deepika.com
ന്യൂഡൽഹി: നോട്ട് വിഷയത്തിൽ റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരും നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും വിശദീകരണം തേടാം.

നോട്ട് റദ്ദാക്കിയ നടപടിയിൽ വിശദീകരണം തേടി പാർലമെന്റിന്റെ കമ്മിറ്റി കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ഉർജിത് പട്ടേലിന് സമൻസയച്ചിരുന്നു. എന്നാൽ, പിഎസി ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് ചെയർമാൻ പ്രഫ. കെ.വി. തോമസ് പറഞ്ഞത്.

ഒരുപക്ഷേ ജനുവരി 20നു മുൻപുള്ള ദിവസങ്ങളിൽ മറുപടി നൽകിയേക്കും. ഈ മറുപടികൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിഎസി വിളിച്ചു വരുത്തുമോയെന്ന ചോദ്യത്തിന്, സമിതിക്ക് ആരിൽ നിന്നു വേണമെങ്കിലും വിശദീകരണം തേടാനുള്ള അധികാരമുണ്ടെന്നാണ് കെ.വി. തോമസ് വ്യക്‌തമാക്കിയത്.

എന്നാൽ, ജനുവരി 20നു ചേരുന്ന പിഎസി യോഗത്തിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനമാകൂ. പിഎസി ഏകകണ്ഠമായി തീരുമാനിച്ചാൽ പ്രധാനമന്ത്രിയെ വിളിച്ചു വരുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ജനുവരി 20നു ചേരുന്ന പിഎസി യോഗത്തിൽ ആർബിഐ ഗവർണർ ഉർജിത് പട്ടേൽ, ധനകാര്യ സെക്രട്ടറി അശോക് ലവാസ, സാമ്പത്തിക കാര്യ സെക്രട്ടറി ശക്‌തികാന്ത ദാസ് തുടങ്ങിയവർ ഹാജരാകും.

നോട്ട് റദ്ദാക്കൽ സംബന്ധിച്ച് പത്ത് ചോദ്യങ്ങൾക്കു വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജനുവരി 28നു മുമ്പ് നേരിട്ട് ഹാജരാകണമെന്നു നിർദേശിച്ചു കെ.വി. തോമസ് അധ്യക്ഷനായ പിഎസി സമൻസയച്ചത്. 500 രൂപ, 1000 രൂപ നോട്ടുകൾ അർധരാത്രിയിൽ പിൻവലിക്കാനുള്ള കാരണം, തീരുമാനത്തിൽ റിസർവ് ബാങ്കിന്റെ പങ്ക്, ഇതുമൂലം സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങൾ, രണ്ട് മാസത്തിനിടെ ചട്ടങ്ങൾ മാറ്റിമറിച്ചതെന്തിന് തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ചോദിച്ചിരിക്കുന്നത്.

അധികാരം ദുർവിനിയോഗം ചെയ്തതിൽ ഗവർണർസ്‌ഥാനത്തു നിന്ന് നീക്കം ചെയ്യാതിരിക്കാനും നിയമനടപടി നേരിടാതിരിക്കാനും വിശദീകരണം നൽകണമെന്നാണ് പിഎസി അയച്ച സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.