പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
01:31 AM Mar 23, 2017 | Deepika.com
കൂത്താട്ടുകുളം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ്ചെയ്തു. പോത്താനിക്കാട് മാവുടി സ്വദേശി നജീബ് (26) ആണ് അറസ്റ്റിലായത്. കാക്കനാട് ടൗണ്‍ പ്ലാനിംഗ് ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ ഇയാൾ ചൊവ്വാഴ്ച വീട്ടിലെത്തി പെണ്‍കുട്ടിയോട് വീടിന്റെ കരം തീർത്ത രസീത് ആവശ്യപ്പെട്ടു. മാതാപിതാക്കൾ ജോലിക്ക് പോയെന്നും രസീത് എവിടെയാണെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞു. തുടർന്നു സമീപത്തെ വീടുകളിൽ സർവേ നടത്തി വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിൽ തിരിച്ചെത്തി. വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായെത്തിയ കുട്ടിയെ ഇയാൾ കയറി പിടിക്കുകയായിരുന്നുവത്രെ. എന്നാൽ ഇയാളെ തള്ളിമാറ്റി കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നു രക്ഷിതാക്കൾ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയോടെ വീടിന്റെ പരിസരത്ത് എത്തിയ ഇയാളെ കുട്ടി തിരിച്ചറിയുകയും വിവരം മാതാവിനോട് പറയുകയും ചെയ്തു. വിവരം അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പോക്സോ വകുപ്പനുസരിച്ചാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.