കറുകച്ചാൽ: ജനവാസമേഖലയിൽ സ്ഥിതി ചെയ്യുന്ന കീടനാശിനി ഗോഡൗണിൽനിന്നും രൂക്ഷഗന്ധം വമിച്ചു. നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. വാകത്താനം പഞ്ചായത്തിലെ തോട്ടയ്ക്കാടിനു സമീപം വട്ടോലിയിലുള്ള കീടനാശിനി ഗോഡൗണിൽനിന്നാണ് കഴിഞ്ഞദിവസമാണ് ദുർഗന്ധം വമിച്ചത്. ഇതു ശ്വസിച്ച പലർക്കും തലയ്ക്ക് പെരിപ്പും അനുഭവപ്പെട്ടു. നിരവധി കുട്ടികൾക്കു വയറിളക്കവും ഛർദിയും ഉണ്ടായി. ചിലർ ആശുപത്രിയിൽ ചികിത്സ തേടി. നൂറുകണക്കിനു വീടുകൾസ്ഥിതി ചെയ്യുന്ന വട്ടോലി തോട്ടയ്ക്കാട്, അന്പലക്കവല, വാകത്താനം, ഇരവുചിറ, നെടുമറ്റം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ദുർഗന്ധം പരന്നു. ഏഴുമാസം മുന്‍പാണ് കോട്ടയം പുല്ലരിക്കുന്നിൽനിന്നും ഗോഡൗണ്‍ ഇവിടേക്ക് മാറ്റി സ്ഥാപിച്ചത്. വളക്കന്പനി ഗോഡൗണ്‍ എന്ന വ്യാജേനയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു. ഇവിടെനിന്നും ദുർഗന്ധം നേരത്തെ വമിച്ചപ്പോൾ നാട്ടുകാർ വാകത്താനം പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കീടനാശിനി ഗോഡൗണാണെന്നു മനസിലായതിനെത്തുടർന്ന് ലൈസൻസ് പഞ്ചായത്ത് രണ്ടുമാസം മുന്‍പ് റദ്ദു ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന കീടനാശിനി കാനുകൾ ചോർന്നതാകാം രൂക്ഷ ഗന്ധമുയരാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.
രൂക്ഷഗന്ധം പുറപ്പെട്ടതോടെ ചൊവ്വാഴ്ച രാത്രി വൈകി നാട്ടുകാർ ഗോഡൗണിനു മുന്നിൽ തടിച്ചുകൂടിയത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാവിലെ മുതൽ നാട്ടുകാർ സ്ഥലത്തെത്തിയതിനെത്തുടർന്ന് വാകത്താനം എസ്ഐ പി. ബിജു, പഞ്ചായത്ത് പ്രസിഡന്റ് ബേബി മോൾ ബെന്നി എന്നിവർ കന്പനി അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് കീടനാശിനികൾ ഉടൻ ഇവിടെനിന്നും നീക്കം ചെയ്യാൻ ധാരണയായി.
കീടനാശിനി ഗോഡൗണിൽനിന്നു രൂക്ഷഗന്ധം; പ്രദേശത്ത് സംഘർഷാവസ്ഥ
12:31 AM Mar 23, 2017 | Deepika.com