പുല്ലും പൊന്തക്കാടുമായ പന്നിയങ്കര പുത്തൻകുളം നവീകരിക്കണം

11:53 PM Mar 22, 2017 | Deepika.com
വടക്കഞ്ചേരി: പുല്ലും പൊന്തക്കാടുമായി ചതുപ്പുപോലെ കിടക്കുന്ന ആറുവരിപ്പാതയോരത്തെ പന്നിയങ്കരയിലുള്ള രണ്ടേക്കർ പുത്തൻകുളം നവീകരിക്കണമെന്ന ആവശ്യം ശക്‌തമായി. വർഷങ്ങൾക്കുമുമ്പുവരെ കൃഷിക്കും പ്രദേശവാസികളുടെ ദാഹം അകറ്റിയിരുന്നതും ഈ കുളത്തിലെ വറ്റാത്ത ഉറവയായിരുന്നു. നിരവധിയാളുകൾ കുളിക്കാനും നീന്തൽ പഠിക്കാനും തുണികഴുകാനും ഉപയോഗിച്ചിരുന്ന കുളം പക്ഷേ ഇന്ന് അധികൃതരുടെ അവഗണനയിൽ ഉപയോഗശൂന്യമായി.

നീരുറവകൾ സംരക്ഷിക്കണമെന്നും പ്രകൃതിമാതാവാണെന്നുമൊക്കെ നേതാക്കന്മാർ പ്രസംഗിക്കുമെങ്കിലും ഇവ സംരക്ഷിക്കുന്നതിൽപോലും രാഷ്ര്‌ടീയ താത്പര്യങ്ങൾക്കാണ് മുൻഗണനയെന്നതിനു പന്നിയങ്കരയിലെ ഈ കുളം സാക്ഷിയാണ്.

ഏഴുവർഷംമുമ്പാണ് ഇരുപതുലക്ഷം രൂപ ചെലവഴിച്ച് കുളം സംരക്ഷിക്കാൻ പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി കുളത്തിന്റെ പകുതിഭാഗം വശങ്ങൾ കെട്ടി സംരക്ഷണ വലയമുണ്ടാക്കി. എന്നാൽ സംരക്ഷണ ഭിത്തി പൂർത്തിയാക്കാത്തതും ചണ്ടികയറി കുളം നശിക്കുന്നതു തടയാനും നടപടിയുണ്ടാകാതിരുന്നതിനാൽ കുളത്തിന്റെ നാശവും വേഗത്തിലായി. ഇപ്പോൾ വേയ്സ്റ്റ് നിറയ്ക്കാനുള്ള നിക്ഷേപ കേന്ദ്രമായി കുളം മാറി. വാഹനങ്ങളിൽ പോകുന്നവരും മാലിന്യകവർ എറിയാനുള്ള കേന്ദ്രമായിട്ടാണ് കുളത്തിനെ കാണുന്നത്. പലർക്കും ഇതു കുളമാണെന്നുപോലും അറിയില്ല. ആറുവരിപ്പാതയുടെ ടോൾപ്ലാസയ്ക്കു ചേർന്നാണ് ഈ വറ്റാത്ത ഉറവയുള്ളത്. കുളം സംരക്ഷിച്ചുനിർത്തിയാൽ നാടിന്റെ ദാഹം അകറ്റുന്നതിനൊപ്പം നീന്തൽ പരിശീലനത്തിനും കുളം പ്രയോജനപ്പെടുത്താനാകും.

കുളം സംരക്ഷിക്കാൻ നടപടിവേണമെന്ന് വാർഡ് മെംബർ ജോസ് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പലതവണ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫണ്ടില്ലെന്ന സ്‌ഥിരം പല്ലവിയാണ് ഉണ്ടാകുന്നതത്രേ.

മെംബറുടെ രാഷ്ര്‌ടീയവും ഭരണപക്ഷത്തിന്റെ രാഷ്ട്രീയവും വ്യത്യസ്തമായതിനാൽ അത് കുളം സംരക്ഷിക്കാനാണെങ്കിൽപോലും ചിലപ്പോൾ നടന്നെന്നു വരില്ല. ഓരോ പഞ്ചായത്തിലും ഇത്തരത്തിലുള്ള പൊതുകുളങ്ങൾ നിരവധിയുണ്ടെങ്കിലും സംരക്ഷണമില്ലാതെ നശിക്കുകയാണ്.

സംസ്‌ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ഡാമുകളും കുളങ്ങളുമുള്ളത് പാലക്കാട് ജില്ലയിലാണെന്നാണ് കണക്ക്. എന്നാൽ ഇത്രയേറെ ജലസ്രോതസുകളുണ്ടായിട്ടും വേനലായാൽ കുടിവെള്ളത്തിനായുള്ള നെട്ടോട്ടമാണ് എവിടെയും. ജില്ലയിലുള്ള അയ്യായിരം കുളങ്ങളിൽ മുന്നൂറോളം കുളങ്ങളും പൊതുകുളങ്ങളാണ്. മൂന്നും നാലും ഏക്കർ വിസ്തൃതിയുള്ള പൊതുകുളങ്ങളുമുണ്ട്. നാഥനില്ലാത്ത മട്ടിൽ കിടക്കുന്ന കുളങ്ങളുടെ വശങ്ങളെല്ലാം കൈയേറി പലരും സ്വന്തമാക്കുന്ന പ്രവണതയുമുണ്ട്. നിലവിലുള്ള പൊതുകുളങ്ങളും കിണറുകളും സംരക്ഷിക്കാൻ നടപടിയുണ്ടാകുന്നതിനൊപ്പം കുഴൽക്കിണർ കുഴിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്താൽ പരമ്പരാഗത ജലസ്രോതസുകൾക്ക് ജീവനാകും. പൈപ്പ് സംസ്കാരമാണ് വീട്ടുമുറ്റത്തെ കിണറിനുപോലും നിലനില്പില്ലാതാക്കിയതെന്നാണ് വിലയിരുത്തൽ.