പത്തനാപുരത്ത് വീടിന് തീപിടിച്ചു: പണവും റേഷൻകാർഡും നശിച്ചു

11:53 PM Mar 22, 2017 | Deepika.com
ആലത്തൂർ: കാവേൾരി പത്തനാപുരത്ത് വീടിന് തീപിടിച്ച് റേഷൻകാർഡും പണവും ഉൾപ്പെടെ കത്തി ചാമ്പലായി. പത്തനാപുരം പള്ളിയിൽ സഹായിയായി ജോലിചെയ്യുന്ന താജുദീൻ എന്നയാളുടെ തകരഷീറ്റ് മേഞ്ഞപുരയാണ് കത്തിനശിച്ചത്. ഒരു ഗ്യാസ് സിലണ്ടർ പൊട്ടിതെറിച്ചു മറ്റൊരു സിലിണ്ടറിന് തീപിടിക്കാതെ പുറത്തെടുക്കാൻ കഴിഞ്ഞു. ഇതുമൂലം വൻഅപകടം ഒഴിവായി. പുറത്തെ അടുപ്പിൽനിന്ന് തീപടർന്നതാകാമെന്നാണ് കരുതുന്നത്.

ഗ്യാസ് അടച്ചിരുന്നതായി താജുദീന്റെ ഭാര്യ റെയ്ഹാന പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 11.45 നാണ്സംഭവം. റെയ്ഹാന മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. താജുദീനും ഉമ്മ ഹവ്വാഉമ്മയും പുറത്ത് പോയതായിരുന്നു. മക്കൾ മൂന്നുപേരും സ്കൂളിലേക്കും പോയിരുന്നു. വീടും വീട്ടുപകരണങ്ങളും സ്‌ഥലത്തിന്റെ ആധാരം ഉൾപ്പെടെ എല്ലാവിധ രേഖകളും 35000 രൂപയും കത്തി ചാമ്പലായതിൽപ്പെടുന്നു.കുട്ടികളുടെ ചെറിയ ആഭരണങ്ങൾ കത്തിയമർന്ന ചാരത്തിൽനിന്ന് പിന്നീട് കണ്ടെടുത്തു. ധരിച്ച വസ്ത്രങ്ങളൊഴികെ മറ്റെല്ലാം നഷ്‌ടപ്പെട്ട് കുടുംബം നിരാലംബരായി.വാട്സാപ്പ് ഗ്രൂപ്പുകാർശേഖരിച്ച്നല്കിയതായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്ന പണം.നാട്ടുകാരും ആലത്തൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.