നെന്മാറ–വല്ലങ്ങിവേല: ദേശങ്ങളിൽ ഇന്നു കൊടിയേറും

11:53 PM Mar 22, 2017 | Deepika.com
നെന്മാറ: നെന്മാറ–വല്ലങ്ങിവേലയ്ക്ക് ഇന്ന് ദേശങ്ങളിൽ കൊടിയേറും. ഇരുദേശങ്ങളിലും ഇന്നുരാത്രി പത്തിനാണ് മുളയിൽ കൊടിയേറ്റം നടത്തുക. അയിനംപാടം പുത്തൻപുര തറവാട്ടിൽനിന്നും എത്തിക്കുന്ന മുള വാദ്യമേള അകമ്പടിയോടെ നെന്മാറ ദേശമന്ദിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രസന്നിധിയിലുമായി കൊടിയേറ്റും.

പടിവട്ടംവീട്ടിൽനിന്നും മുളയെത്തിച്ച് വല്ലങ്ങിദേശമന്ദത്തും കൊടിയേറ്റം നടത്തും. ഇന്നുമുതൽ വേലയുടെ ആഘോഷപരിപാടികൾക്കും തുടക്കമാകും. നെന്മാറ ദേശത്തിന്റെ കുമ്മാട്ടിയും വല്ലങ്ങിദേശത്തിന്റെ കണ്യാർകളിയുമാണ് ഇതിൽ പ്രധാനം. നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ ഏപ്രിൽ രണ്ടുവരെ എല്ലാദിവസവും ശീവേലി എഴുന്നള്ളത്ത് നടക്കും. മൂന്നിനാണ് നെന്മാറ– വല്ലങ്ങിവേല.