മോദിയുടെ ലക്ഷ്യം ഭിന്നിപ്പിച്ചു ഭരിക്കൽ: അമർജിത്ത് കൗർ

11:53 PM Mar 22, 2017 | Deepika.com
പാലക്കാട്: ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രം തന്നെയാണ് ആർഎസ്എസും മോദിയും പിന്തുടരുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം അമർജിത്ത് കൗർ. പുതുശേരിയിൽ സിപിഐ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.

പൊതുമേഖലാ സ്‌ഥാപനങ്ങളെയാകെ കുത്തകകൾക്ക് വിറ്റഴിക്കുവാൻ ശ്രമിക്കുകയാണവർ. കഞ്ചിക്കോട് മേഖലയിലെ ബിഎഎംഎൽ ഇൻസ്ട്രുമെന്റേഷൻ, ഐടിഐ തുടങ്ങിയ മികച്ച പൊതുമേഖലാ സ്‌ഥാപനങ്ങളെയെല്ലാം ക്ഷീണിപ്പിക്കാനും അടച്ചുപൂട്ടാനും വില്ക്കാനുമൊക്കെ ശ്രമം നടക്കുന്നു.

കേരളത്തിലെ ഇടതുമുന്നണി സർക്കാർ ഇതിന് ബദൽ നിർമ്മിക്കാൻ ചുമതലപ്പെട്ടിരിക്കുന്നു. ജനങ്ങൾക്കാവശ്യമുളള ഭക്ഷണവും കുടിവെളളവും എത്തിക്കാൻ, പൊതുവിതരണം ശക്‌തമാക്കാൻ, വിദ്യാഭ്യാസവും വൈദ്യസഹായവും അടിസ്‌ഥാന സൗകര്യങ്ങളും എല്ലാവർക്കും എത്തിക്കാൻ സ്ത്രീകൾക്കും ദരിദ്രർക്കും സുരക്ഷയേകാൻ ഇടതുമുന്നണി സർക്കാർ ശക്‌തമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.

കെ.പി.സുരേഷ്രാജ്, വിജയൻ കുനിശേരി, ജോസ് ബേബി എന്നിവർ പ്രസംഗിച്ചു. സിപിഐ പുതുശേരി എൽ സി സെക്രട്ടറി ടി.വി.വിജയൻ സ്വാഗതവും മലമ്പുഴ മണ്ഡലം സെക്രട്ടറി വി എസ് രാമചന്ദ്രൻ അധ്യക്ഷതയും വഹിച്ചു.