കുടിവെള്ളത്തിനായി നാട് നെട്ടോട്ടത്തിൽ,പൈപ്പ് ലൈൻ ചോർച്ചയടയ്ക്കാതെ അധികൃതർ

11:38 PM Mar 22, 2017 | Deepika.com
ആലപ്പുഴ: വേനൽ കടുത്തതോടെ നഗരവാസികൾ ശുദ്ധജലത്തിനായി നെട്ടോട്ടോമോടുമ്പോഴും കൺമുമ്പിലെ പൈപ്പ് ലൈൻ തകരാർ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ആലപ്പുഴ നഗരസഭയ്ക്കു മുന്നിൽ പൈപ്പ് ലൈൻ ചോർച്ച മൂലം ദിവസേന ആയിരക്കണക്കിനു ലിറ്റർ പാഴാകുമ്പോഴും ഇതു കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. നഗരസഭയ്ക്കു മുന്നിൽ കൊമേഴ്സ്യൽ കനാലിനു വടക്കേകരയിൽ റോഡിനോട് ചേർന്നാണ് ദിവസങ്ങളായി പൈപ്പ് ലൈൻ തകരാർ മൂലം കുടിവെള്ളം പാഴാകുന്നത്.

നാട്ടുകാർ വിവരം നഗരസഭാ അധികൃതരെ അറിയിച്ചെങ്കിലും പൈപ്പ് ലൈനിന്റെ ചുമതല തങ്ങളുടേതല്ലെന്ന നിലപാടിലായിരുന്നു അധികൃതർ. വിവരം വാട്ടർ അഥോറിറ്റിക്കു പരാതിയായി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

ശുദ്ധജലം സംരക്ഷിക്കുന്നതിനായി സംസ്‌ഥാന സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച് ബോധവത്കരണ പരിപാടികളും മറ്റുപ്രവർത്തനങ്ങളും നടത്തുന്നതിനിടയിലാണ് അധികൃതരുടെ അശ്രദ്ധമൂലം അമൂല്യമായ ശുദ്ധജലം ഇത്തരത്തിൽ പാഴാകുന്നത്.