ദേശീയപാത വികസനം: അലൈൻമെന്റ് നടപടികൾ ആരംഭിച്ചു

11:38 PM Mar 22, 2017 | Deepika.com
ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്‌ഥലമേറ്റെടുക്കുന്നതിനുള്ള അലൈൻമെന്റ് നടപടികൾ ആരംഭിച്ചു. ദേശീയപാത ഏറ്റെടുക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരുമാസം മുമ്പാണ് അലൈൻമെന്റ് നടപടികൾക്ക് തുടക്കമായത്. ചേർത്തല മുതൽ പാതിരപ്പള്ളി വരെയും ഓച്ചിറ മുതൽ ഹരിപ്പാട് വരെയുമുള്ള അലൈൻമെന്റുകൾ ഇതിനകം പൂർത്തീകരിച്ചു. ചേർത്തല, ഹരിപ്പാട്, ആലപ്പുഴ സ്‌ഥലമേറ്റെടുക്കൽ സ്പെഷ്യൽ തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള സർവെയർമാരുടെ സംഘമാണ് അലൈൻമെന്റ് നടപടികൾ പൂർത്തീകരിച്ച് വരുന്നത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി ജില്ലയിലെ ദേശീയപാത ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റവന്യു വകുപ്പിന്റെ നാല് ഓഫീസുകളിൽ നിന്നും പുനർ വിന്യസിച്ച ജീവനക്കാരെ തിരികെ വിളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പുതിയ ഡപ്യൂട്ടി കളക്ടറും ചുമതലയേറ്റിരുന്നു. അലൈൻമെന്റ് നടപടികൾ ആരംഭിച്ചപ്പോൾ തന്നെ സ്‌ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് പരാതികളുമുയർന്നുതുടങ്ങിയിട്ടുണ്ട്. ഏഴുവർഷം മുമ്പാണ് തിരുവനന്തപുരം മുതൽ ചേർത്തല വരെയുള്ള ദേശീയപാതഭാഗം 45 മീറ്ററിൽ വികസിപ്പിക്കാനുള്ള നടപടികളാരംഭിച്ചത്.

സ്‌ഥലമേറ്റെടുക്കുന്നതിനായുള്ള നടപടികൾ ആരംഭിക്കാനിരിക്കെ പ്രതിഷേധം ശക്‌തമായതിനെത്തുടർന്നു സർക്കാർ സ്‌ഥലമേറ്റെടുക്കലിൽ നിന്ന് പിന്നോക്കം പോകുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം വീണ്ടും ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നേരത്തെ ദേശീയപാത അഥോറിറ്റി സ്‌ഥലം വിട്ടുനൽകിയാൽ റോഡ് നിർമിക്കാമെന്നു സംസ്‌ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് സാധിച്ചില്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങളിൽ നിന്നും തങ്ങൾ പിന്നോട്ടു മാറുമെന്നും അധികൃതർ വ്യക്‌തമാക്കിയിരുന്നു. തുടർന്നാണ് പുതിയ സർക്കാർ ദേശീയപാത വികസനവുമായി മുന്നോട്ടുപോകുന്നത്.