തങ്കിപള്ളിയിൽ പീഢാനുഭവ നവനാൾ നൊവേന ഇന്നുമുതൽ

11:38 PM Mar 22, 2017 | Deepika.com
ചേർത്തല: പ്രസിദ്ധ തീർഥാടന കേന്ദ്രമായ തങ്കിസെന്റ് മേരീസ് ഫൊറോനാപ്പള്ളിയിൽ വിശുദ്ധവാരത്തിന് മുന്നോടിയായുള്ള കർത്താവിന്റെ പീഢാനുഭവ നവനാൾ നൊവേന ഇന്നാരംഭിക്കും. 31നു ഊട്ടു തിരുനാളോടെ സമാപിക്കും. നാളെ മുതൽ 31വരെ ദിവസവും വൈകുന്നേരം ആറുമുതൽ ദിവ്യബലി, ആരാധന, പീഢാനുഭവ നവനാൾ, നേർച്ച കഞ്ഞി വിതരണം എന്നിവ നടക്കും.

ഫാ. തമ്പി തൈക്കൂട്ടത്തിൽ, ഫാ. ബാബു പോൾ, ഡോ. ജോഷി മയ്യാറ്റിൽ, ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ, ഫാ. അഗസ്റ്റിൻ നെല്ലിക്കാവെളി, ഫാ. ആഷ്ലിൻ കുളത്തൂകാട്ട്, ഫാ. ജോയ്സ് ചെറിയതയ്യിൽ, ഫാ. ഷെയ്സ് പൊരുന്നക്കോട്ട് എന്നിവർ വിവിധ ദിവസങ്ങളിൽ കർമങ്ങൾക്കു നേതൃത്വം നൽകും. സമാപന ദിവസമായ 31നു നടക്കുന്ന ഊട്ടു സദ്യയിൽ ഏഴായിരം പേർ പങ്കെടുക്കും.

നേർച്ചസദ്യ വിതരണം ശാന്തിഗിരി ട്രസ്റ്റ് ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി ഉൽഘാടനം ചെയ്യും. കേരളത്തിലാദ്യമായി രണ്ടുവർഷങ്ങൾക്കുമുമ്പ് തങ്കിപ്പള്ളിയിലാണ് പീഢാനുഭവ നവനാൾ നൊവേന ആരംഭിച്ചത്. പതിനായിരക്കണക്കിനു വിശ്വാസികളാണ് ഇതിൽ പങ്കെടുക്കാനെത്തുന്നത്.