ഹൈമാക്സ് ലൈറ്റ് കണ്ണടച്ചു, അധികൃതരും

11:38 PM Mar 22, 2017 | Deepika.com
അമ്പലപ്പുഴ: അമ്പലപ്പുഴ കച്ചേരി മുക്കിൽ സ്‌ഥാപിച്ച ഹൈമാക്സ് ലൈറ്റുകൾ പ്രവർത്തന രഹിതമായി. ശ്രീകൃഷ്ണമണ്ഡപത്തോടു ചേർന്നു രണ്ടുവർഷം മുമ്പ് എൻടിപിസി സ്‌ഥാപിച്ചതാണ് ഈ ലൈറ്റുകൾ. പിന്നീട് മാസങ്ങൾക്കുശേഷം ഇതു കേടായതിനെ തുടർന്ന് അന്നത്തെ പഞ്ചായത്തു സമിതി എൻടിപിസിയെ അറിയിക്കുകയും അവർ കേടുപാടുകൾ മാറ്റി പ്രവർത്തനക്ഷമമാക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുമാസമായി ഈ ലൈറ്റുകൾ തെളിയാറില്ല. നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നാട്ടുകാരിൽ ചിലർ നേരിട്ട് എൻടിപിസിയുമായി ബന്ധപ്പെട്ടപ്പോൾ പഞ്ചായത്ത് രേഖാമൂലം അറിയിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തിരക്കേറിയ ജംഗ്ഷനിൽ ലൈറ്റുകൾ തെളിയാത്തതുമൂലം വളരെ ബുദ്ധിമുട്ടാണ് നാട്ടുകാർക്കുണ്ടാകുന്നത്. തൊട്ടടുത്ത കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സന്ധ്യ മയങ്ങിയാൽ മദ്യപാനികളുടെയും സാമൂഹ്വവിരുദ്ധരുടെയും ശല്യമാണെന്നും ഇവർ പറയുന്നു. നിരവധിയാത്രക്കാരാണ് രാത്രികാലങ്ങളിൽ ബസുകാത്ത് ഈ ജംഗ്ഷനിൽ നിൽക്കുന്നത്. ലൈറ്റുകൾ തെളിയാത്തതിനാൽ ഭയന്നാണ് സ്ത്രീകളും കുട്ടികളും ഇതുവഴി സഞ്ചരിക്കുന്നത്. ഇന്നു നടക്കുന്ന അമ്പലപ്പുഴ ക്ഷേത്രത്തിലെ ആറാട്ടിനെയും ഇതു ബാധിക്കുമെന്നാണ് ഭക്‌തജനങ്ങളുടെ പരാതി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അധികാരികൾ ഈ വിഷയത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.