ഐതീഹ്യപ്പെരുമവിളിച്ചോതി നാടകശാല സദ്യ

11:38 PM Mar 22, 2017 | Deepika.com
അമ്പലപ്പുഴ: പാൽപ്പായസത്തിന്റെ മാധുര്യം നുകർന്ന് പതിനായിരങ്ങൾ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ നാടകശാല സദ്യയിൽ പങ്കുകൊണ്ടു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവദിനമായ ഇന്നലെ ഉച്ചയ്ക്കാണ് ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ നടന്നത്. അഞ്ചുതരം പായസം, അച്ചാറുകൾ, ഉപ്പേരി, പഴങ്ങൾ എന്നിവയടക്കം 42 ഇനങ്ങളാണ് തൂശനിലയിൽ വിളമ്പിയത്. ഉച്ചയ്ക്ക് 12 ഓടെ നാടകശാലയിൽ തൂശനില നിരത്തിയതോടെ ചടങ്ങുകൾക്കു തുടക്കമായി. തുടർന്നു വിഭവങ്ങൾ ഓരോന്നായി ഇലയിൽ വിളമ്പി. രാവിലെ ആറുമുതൽ തന്നെ ആയിരക്കണക്കിന് ഭക്‌തരാണ് നാടിന്റെ നാനാഭാഗത്തു നിന്നും ഉണ്ണിക്കണ്ണന്റെ തിരുനടയിലേക്കെത്തിയത്.

ഉച്ചക്ക് 12.30 ഓടെ നാടകശാല ഹാളിലേക്ക് ഭക്‌തരെ പ്രവേശിപ്പിച്ചു. ഊണ് കഴിഞ്ഞ് ഭക്‌തർ ഐതീഹ്യപ്പെരുമ വിളിച്ചോതി ചോറ് വാരിയെറിഞ്ഞു. തുടർന്ന് വഞ്ചിപ്പാട്ടു പാടി മടങ്ങിയ സംഘത്തിനെ അമ്പലപ്പുഴ പോലീസ് അധികാരികൾ വാഴക്കുലയും പണക്കിഴിയും നൽകി സ്വീകരിച്ചു. നാലു പറയിൽ രാജേഷിന്റെ നേതൃത്വത്തിലാണ് ഈ വർഷവും നാടകശാല സദ്യതയാറാക്കിയത്. പ്രതിഭാഹരി എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ. രാഘവൻ എന്നിവർ മുഖ്യാതിഥികളായി. ക്ഷേത്രോപദേശ സമിതിയുടെ നേതൃത്വത്തിലാണ് നാടകശാല സദ്യ നടന്നത്. ആറാട്ടോടെ ഇന്ന് ഉത്സവം സമാപിക്കും.