പാട്ടുകൾ പാടാനുള്ളതാണ്, നിയമക്കുരുക്കിൽപിടയാനുള്ളതല്ലെന്ന് വയലാർ ശരത്ചന്ദ്രവർമ

11:38 PM Mar 22, 2017 | Deepika.com
ആലപ്പുഴ: പാട്ടുകൾ എല്ലാവർക്കും പാടാനും കേൾക്കാനും അവസരമുണ്ടാകുന്നതല്ലേ പാട്ടെഴുത്തുകാരന്റെയും സംഗീതസംവിധായകന്റെയും പാട്ടുകാരന്റെയും വളർച്ചയ്ക്കും സംതൃപ്തിക്കും നല്ലതെന്ന് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ. പാട്ടുകൾ പാടാനുള്ളത്, നിയമക്കുരുക്കിൽ പിടയാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ആലപിക്കുന്നതിനെതിരെ ഇളയരാജ രംഗത്തുവന്ന സംഭവത്തിൽ ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാട്ടുകൾ മറ്റുള്ളവർ പാടിക്കേൾക്കുമ്പോൾ അതിന്റെ സൃഷ്‌ടികർത്താക്കൾക്ക് സന്തോഷമാണ് തോന്നുന്നതും തോന്നേണ്ടതും. പണ്ട് ഗാനമേളകളുടെ ആരംഭ ഘട്ടത്തിൽ യേശുദാസിനെതിരെ ദേവരാജൻ മാസ്റ്ററും ഇതുപോലെ രംഗത്തു വന്നിരുന്നു. കേസിനു നിലനിൽപ്പില്ലെന്നു വന്നപ്പോൾ വയലാറിന്റെ കുടുംബാംഗങ്ങളെന്ന നിലയ്ക്ക് അന്ന് കക്ഷിചേരാൻ അഭ്യർഥിച്ചിരുന്നു. അന്ന് വയലാർ ട്രസ്റ്റിലെ അംഗമായിരുന്ന നോവലിസ്റ്റ് മലയാറ്റൂർ രാമകൃഷ്ണൻ ചോദിച്ചത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വയലാറിന്റെ പാട്ടുകളെ ഇല്ലാതാക്കണോ എന്നായിരുന്നു. വയലാറിന്റെ കവിതകൾ തലമുറകളോളം നിലനിൽക്കണമെന്നും പണത്തിനായി ആർക്കും അത് തീറെഴുതി കൊടുക്കരുതെന്നുമായിരുന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞതും.

ഒരു ഗാനത്തിന്റെ നിർമിതിയിൽ സംഗീതസംവിധായകനും രചയിതാവിനും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കുമടക്കം നിരവധി പേർക്ക് പങ്കുണ്ട്. ഇളയരാജ തന്റെ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയിട്ടുണ്ടോയെന്ന കാര്യം തനിക്കറിയില്ല. അതുകൊണ്ടു തന്നെ അതിനെ വിമർശിക്കാനും താനാളല്ല. ഒരു പക്ഷേ, ഗായകനു മാത്രം പണം കിട്ടിയാൽ മതിയോ എന്ന ചിന്തയാകാം ഇത്തരം നീക്കങ്ങളുടെ പിന്നിൽ. എന്നെ സംബന്ധിച്ചിടത്തോളം ആസ്വാദകരുടെ പിന്തുണയ്ക്കാണു പ്രാമുഖ്യം. അവരുടെ മുന്നിൽ ’തെണ്ടി’യാകാനുള്ള ധൈര്യം ഉണ്ട്. നിലവിൽ ഐപിആർഎസ് എന്ന സംഘടനയുണ്ട്. അതുവഴി ആകാശവാണി, ദൂരദർശൻ തുടങ്ങിയ ഇടങ്ങളിൽ അവതരിപ്പിക്കപ്പെടുമ്പോൾ റോയൽറ്റി ഇനത്തിൽ വേണ്ട തുക ലഭ്യമാക്കുന്നുണ്ടെന്നാണ് അറിവ്. എന്നാൽ ഗാനമേളകളിൽ ഇതു പ്രാവർത്തികമാക്കിയിട്ടുണ്ടോയെന്നതിനെ കുറിച്ച് അറിവില്ലെന്നും ശരത് ചന്ദ്രവർമ പറഞ്ഞു.