66 പൈസ കുടിശികയ്ക്ക് നോട്ടീസ് അയച്ചു പഞ്ചായത്ത്
02:11 AM Mar 22, 2017 | Deepika.com
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ ശുഷ്കാന്തിയിൽ അന്തംവിട്ട് കുടുംബനാഥൻ. വീടിന്റെ കരമടച്ചതിൽ കുടിശിക വരുത്തിയ 66 പൈസയ്ക്ക് വീട്ടുടമയ്ക്ക് നോട്ടീസ് അയച്ചാണ് പഞ്ചായത്ത് ജീവനക്കാരൻ തന്റെ ഒൗദ്യോഗിക കൃത്യം ’സത്യസന്ധമായി’ നടപ്പിലാക്കിയത്. കുശവൻകുന്നിൽ ബസ് സ്റ്റോപ്പിനടുത്ത് കട നടത്തുന്ന കിഴക്കെ വെള്ളിക്കോത്തെ രവി കോമരത്തിനാണ് 66 പൈസ കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ടു നോട്ടീസ് ലഭിച്ചത്. ആറുമാസം മുന്പ് വീടിന്റെ കരം അടച്ചപ്പോൾ വന്നതായിരുന്നു 66 പൈസയുടെ കുടിശിക. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് രവി കോമരം രണ്ട് 50 പൈസ തുട്ടുകളുമായി നിരനിന്ന് കൗണ്ടറിൽ എത്തിയപ്പോൾ പണം ഏറ്റുവാങ്ങാനിരുന്ന ജീവനക്കാരനും അന്തംവിട്ടു. അടുത്ത തവണ അടയ്ക്കുന്പോൾ അതിന്റെ കൂടെ ഈ തുക കൂട്ടിയടച്ചാൽ മതിയെന്നും സമാധാനിപ്പിച്ച് വീട്ടുടമയെ ജീവനക്കാരൻ തിരിച്ചയച്ചു. ഒട്ടേറെ വീടുകൾക്ക് ആയിരക്കണക്കിനു രൂപ നികുതി കുടിശികയടക്കാനുള്ളപ്പോഴാണ് 66 പൈസയ്ക്ക് വേണ്ടി പഞ്ചായത്തിൽ നിന്നും നോട്ടീസ് അയച്ചത്.