"പിണറായിപ്പെരുമ' നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും
02:01 AM Mar 22, 2017 | Deepika.com
തലശേരി: പിണറായി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒൻപത് മുതൽ 13 വരെ പിണറായിയിൽ 'പിണറായിപ്പെരുമ' എന്ന കലാസാംസ്കാരിക മഹോത്സവം സംഘടിപ്പിക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കർ, ആഘോഷകമ്മിറ്റി ചെയർമാൻ കെ.കെ. രാജീവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒൻപതിന് വൈകുന്നേരം ആറിന് നടൻ മമ്മൂട്ടി മഹോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ദിവസങ്ങളിൽ കെപിഎസി ലളിത, പി. പദ്മനാഭൻ, ഐ.എം. വിജയൻ, അടൂർ ഗോപാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടനദിനമായ ഒൻപതിന് രാത്രി ഏഴിന് മഞ്ജുവാര്യരുടെ നേതൃത്വത്തിലുള്ള കുച്ചിപ്പുടി. 10ന് വൈകുന്നേരം ആറിന് കഥാപ്രസംഗം, രാത്രി ഏഴിന് ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ. 11ന് വൈകുന്നേരം അഞ്ചിന് കഥയരങ്ങ്, ആറിന് നാട്ടിലെ പാട്ടുകൾ, രാത്രി ഏഴിന് ഗാനമേള. 12ന് വൈകുന്നേരം അഞ്ചിന് ജയരാജ് വാര്യരുടെ ചിരിയരങ്ങ്, രാത്രി ഏഴിന് ലക്ഷ്മിഗോപാലസ്വാമി, വിനീത് എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യം. 13ന് വൈകുന്നേരം നാലിന് പടയണി, അഞ്ചിന് കൂത്തരങ്ങ്, ആറിന് ദിവ്യാഉണ്ണിയുടെ ഭരതനാട്യം, ഏഴിന് ഫ്യൂഷൻ മ്യൂസിക് എന്നിവയും നടക്കും. മഹോത്സവത്തിനോടനുബന്ധിച്ച് വൈകുന്നേരം നാലു മുതൽ 11 വരെ മലബാർ ഭക്ഷ്യമേള അന്താരാഷ് ട്രപ്രദർശനം, ഫോട്ടോപ്രദർശനം എന്നിവയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ഒ.വി. ജനാർദനൻ, കക്കോത്ത് രാജൻ, കെ.യു. ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.