കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ ഒന്നാം ഘട്ടത്തിൽ ഇനിയും ഏറ്റെടുക്കാനുള്ള ഭൂമിയുടെ വിലയിൽ അന്തിമ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനതല ഉന്നതാധികാര സമിതിയിലാണ് തീരുമാനമായത്.
സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് കളക്ടർ അധ്യക്ഷനായ ജില്ലാതല സമിതി ഭൂവുടമകളുടെ യോഗം കഴിഞ്ഞ എട്ടിന് വിളിച്ചു ചേർത്തിരുന്നു. വൈറ്റില കുന്നറ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ 70 പേരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 35 പേർ ഇതിനകം ഭൂമി നൽകാൻ സമ്മതമറിയിച്ചു. ഇതനുസരിച്ച് ഏറ്റെടുക്കൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു.
2013ലെ സ്ഥലമെടുപ്പുനിയമം അനുസരിച്ചാകും ഏറ്റെടുക്കൽ. ഇതോടെ ഈ നിയമം അനുസരിച്ച് പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്ന ആദ്യ ജില്ലയായി എറണാകുളം മാറും.
ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് വന്നു കഴിഞ്ഞാൽ നേരത്തെ നിശ്ചയിച്ചതിനെക്കാൾ 10 ശതമാനം ഉയർന്ന വില നൽകി ഏപ്രിൽ പകുതിയോടെ ബാക്കിയുള്ള ഭൂമികൂടി ഏറ്റെടുക്കാനാകുമെന്ന് മെട്രോ റെയിൽ സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ പറഞ്ഞു. കുന്നറ മുതൽ ഐഒസി പെട്രോൾ പന്പ് വരെയുള്ള ഭാഗത്തെ സ്ഥലം സർക്കാർ നിശ്ചയിച്ചതനുസരിച്ച് മൂന്നാം കാറ്റഗറിയാണ്. ഇവിടെ 22.51 ലക്ഷം രൂപയാണ് വിലയിട്ടിട്ടുള്ളത്.
രണ്ടാം കാറ്റഗറിയിൽ വരുന്ന പെട്രോൾ പന്പ് മുതൽ പേട്ട വരെയുള്ള ഭാഗത്ത് സെന്റിന് 27.36 ലക്ഷമാണ് വില. ഇത് ഭൂരിഭാഗം വീട്ടുടമകളും അംഗീകരിച്ചിട്ടുണ്ട്. സ്ഥലടെുപ്പ് നടപടിയുടെ ഭാഗമായുള്ള സ്റ്റാന്പ് ഡ്യൂട്ടിയും മറ്റ് നികുതികളും രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ചെലവും ഒഴിവാക്കിക്കൊടുക്കുമെന്നും പുതിയ വ്യവസ്ഥയിലുണ്ട്.
മെട്രോയുടെ ഭാഗമായി ചൂർണിക്കര വില്ലേജിൽ എക്സ്ട്രാ ഹൈ ടെൻഷൻ ലൈനുകൾ മാറ്റി സ്ഥാപിക്കൽ, സഹോദരൻ അയ്യപ്പൻ റോഡിൽ എളംകുളം സ്റ്റേഷൻ വികസനം, ദേശാഭിമാനി കലൂർ റോഡ് വികസനം എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിരക്കുകളിലും ആന്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്ക്, തമ്മനം-പുല്ലേപ്പടി റോഡ്, കണ്ണങ്ങാട്ട് പാലം അപ്രോച്ച് റോഡ്, സ്റ്റേഷൻ കടവ് പാലം അപ്രോച്ച് റോഡ്, മാഞ്ചേരിക്കുഴി പാലം അപ്രോച്ച് റോഡ് എന്നിവയ്ക്കായി ജില്ലാതല സമിതി ശുപാർശ ചെയ്ത നിരക്കുകളിലും ഇന്നലെ തീരുമാനമായി.
തമ്മനം-പുല്ലേപ്പടി റോഡ് വീതി കൂട്ടുന്നതിന് നാല് കാറ്റഗറികളിലായാണ് ജില്ലാതല സമിതി നിരക്കുകൾ ശിപാർശ ചെയ്തത്. കണ്ണങ്ങാട്ട് പാലം അപ്രോച്ച് റോഡിന് വേണ്ടി മൂന്നു കാറ്റഗറികളിലായി സ്ഥലം ഏറ്റെടുക്കും. സ്റ്റേഷൻകടവ് പാലത്തിനായി പുത്തൻവേലിക്കര, ചേന്ദമംഗലം വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുക്കൽ. ആന്പല്ലൂർ ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്കിന് നാല് കാറ്റഗറികളിൽ സ്ഥലം ഏറ്റെടുക്കുന്നതിന് ശിപാർശ ചെയ്ത നിരക്കുകളും സംസ്ഥാനതല ഉന്നതാധികാര സമിതി അംഗീകരിച്ചു.
കാക്കനാട്, കുന്നത്തുനാട് വില്ലേജുകളിലായി സ്മാർട്ട്സിറ്റിക്ക് സമീപം നിർമിക്കുന്ന മാഞ്ചേരിക്കുഴി പാലം അപ്രോച്ച് റോഡിന് മൂന്നു കാറ്റഗറികളിൽ സ്ഥലം ഏറ്റെടുക്കും. യോഗത്തിൽ ചീഫ് സെക്രട്ടറിക്കു പുറമേ ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, എസ്. ഷാജഹാൻ, ഗതാഗതവകുപ്പ് സെക്രട്ടറി, റവന്യൂ സെക്രട്ടറി എന്നിവരും പങ്കെടുത്തു.
സ്ഥലവിലയിൽ അന്തിമ തീരുമാനമായി
01:40 AM Mar 22, 2017 | Deepika.com