കുടിവെള്ളത്തിന്റെ പേരിൽ മലിനജലം വിതരണം ചെയ്യുന്നതായി പരാതി
12:58 AM Mar 22, 2017 | Deepika.com
കോവളം:തിരുവല്ലം സെക്ഷനിൽ നിന്ന് കുടിവെള്ളമായി വിതരണം ചെയ്യുന്നത് മലിന ജലമെന്ന് പരാതി. മഞ്ഞനിറമുള്ള അഴുക്ക് നിറഞ്ഞതും കനത്ത ദുർഗന്ധം വമിക്കുന്നതുമായ ചെളിവെള്ളമാണ് കുടിവെള്ളമായി ലഭിക്കുന്നതെന്നാണ് പരാതി. തിരുവല്ലം സെക്ഷന്റെ പരിധിയിൽ വരുന്ന കോവളം ജംഗ്ഷൻ, ബീച്ച് റോഡ്, കെ.എസ്. റോഡ്, വെള്ളാർ, വാഴമുട്ടം, പാറവിള, പാച്ചല്ലൂർ, മുട്ടയ്ക്കാട് എന്നിവിടങ്ങളിലാണ് ചെളികലർന്ന നാറ്റത്തോടെയുള്ള വെള്ളം ലഭിക്കുന്നത്.നിരന്തരമായി പരാതി പെട്ടിട്ടും നടപടി ഉണ്ടാകാത്തതോടെ ജനം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. എന്നാൽ അരുവിക്കര ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതുകാരണം വെള്ളായണി കായലിലെ വെള്ളമാണ് ഇപ്പോൾ വിതരണം ചെയ്യുന്നതെന്നും ശുദ്ധീകരണത്തിൽ പിഴവ് ഉണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ജലഅഥോറിറ്റി തിരുവല്ലം സെക്ഷൻ അസിസ്റ്റന്റ്. എൻജിനിയർ പറഞ്ഞു