കടുത്തുരുത്തി: പെരുവ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വികസന പദ്ധതി നടപ്പിലാക്കാൻ സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. പെരുവ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങൾക്കെല്ലാം ഹൈടെക് പഠനസാഹചര്യവും ആധുനിക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന സമഗ്രവികസന പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.
കടുത്തുരുത്തി നിയോജകമണ്ഡലത്തിൽനിന്നും ഇന്റർനാഷണൽ നിലവാരത്തിലേക്കുയർത്താൻ എംഎൽഎ നിർദേശിച്ച പ്രഥമ വിദ്യാലയം എന്ന നിലയിൽ സ്കൂളിൽ നടപ്പാക്കേണ്ട വികസന കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുന്നതിനു ജനപ്രതിനിധികളുടേയും പൂർവവിദ്യാർഥികളുടേയും നാട്ടുകാരുടേയും സംയുക്തയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സർക്കാർ നൽകുന്ന ഫണ്ട് കൂടാതെ അധികമായി വരുന്ന തുക കണ്ടെത്താൻ എല്ലാ ജനപ്രതിനിധികളും പരമാവധി ഫണ്ട് അനുവദിക്കണമെന്നു യോഗം നിർദേശിച്ചു.
സ്കൂളിന്റെ വികസനം ആഗ്രഹിക്കുന്ന വിവിധ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണം ഉറപ്പുവരുത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും. വിദേശത്തും വിവിധ സ്ഥലങ്ങളിലുമായിട്ടുള്ള പൂർവവിദ്യാർഥികളുടെ സഹകരണം ലഭ്യമാക്കാൻ പ്രത്യേക യോഗം വിളിക്കും.
ജോസ് കെ. മാണി എംപി രക്ഷാധികാരിയും മോൻസ് ജോസഫ് എംഎൽഎ ചെയർമാനുമായിട്ടുള്ള സ്കൂൾ വികസന സമിതിക്കു യോഗം രൂപം നൽകി. 101 അംഗ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും 15 അംഗ കർമസമിതിയും രൂപീകരിച്ചു. പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടനിർമാണം സംബന്ധിച്ചു പ്രാഥമിക എസ്റ്റിമേറ്റിനു രൂപം നൽകിയതായി എംഎൽഎ അറിയിച്ചു. സർക്കാർ ഏജൻസിയുടെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ടെക്നിക്കൽ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് രാവിലെ പത്തിന് സ്കൂളിൽ ചേരും.
പെരുവ സ്കൂൾ വികസനത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ.സി. രവീന്ദ്രനാഥുമായി ചർച്ച നടത്തിയതായി എംഎൽഎ അറിയിച്ചു. ഹൈടെക് ക്ലാസ് മുറികൾ, ഐടി സൗകര്യത്തോടെയുള്ള സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലാംഗ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ഇന്റർനെറ്റ് വൈ ഫൈ സംവിധാനം, ആധുനിക നിലവാരത്തിലുള്ള കായിക പരിശീലന കേന്ദ്രങ്ങൾ, ജൈവ വൈവിധ്യ പാർക്ക് തുടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന ഹൈടെക് സ്കൂൾ കാന്പസാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും എല്ലാ രംഗത്തുമുള്ള സമഗ്രവികാസം നേടിയെടുക്കാനും സഹായിക്കുന്ന വിദ്യാഭ്യാസമുന്നേറ്റ പദ്ധതി കടുത്തുരുത്തി മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷമായി നടപ്പാക്കി വരികയാണെന്ന് എംഎൽഎ അറിയിച്ചു. വിപുലമായ വികസനപദ്ധതിയാണ് പെരുവ സ്കൂളിൽ യാഥാർഥ്യമാക്കുന്നത്.
സ്കൂളിൽ ചേർന്ന വിദ്യാഭ്യാസ സംഗമത്തിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെന്പർ കലാ മങ്ങാട് അധ്യക്ഷത വഹിച്ചു.
കടുത്തുരുത്തി ഡിഇഒ കെ.എം. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ, വൈസ് പ്രസിഡന്റ് കെ.ആർ. സജീവൻ, വിവിധ നേതാക്കളായ കെ.യു. വർഗീസ്, യു.പി. ചാക്കപ്പൻ, ടി.എം. സദൻ, ടി.എൻ. രമേശൻ, ജോർജ് ബേബി, തോമസ് മുണ്ടുവേലി, എം.യു. മാത്യു, എം.ടി. അജി, മോഹൻദാസ്, സിനി ജയിൻ, ഷാജി മൂർക്കാട്ടിൽപടി, പ്രിൻസിപ്പൽമാരായ വി.കെ. അശോക് കുമാർ, എം.ആർ. അഭിലാഷ്, ഹെഡ്മിസ്ട്രസ് എം. ഗീത, പിടിഎ പ്രസിഡന്റ് റോയി ജോണ് എന്നിവർ പ്രസംഗിച്ചു.
സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചെന്ന് എംഎൽഎ
11:32 PM Mar 21, 2017 | Deepika.com